അടുത്തകാലത്ത് സാന്ത്വനം സീരിയലിനോളം പ്രേക്ഷകപ്രീതി സ്വന്തമാക്കിയ മറ്റൊരു സീരിയൽ ഇല്ല. കുടുംബപ്രേക്ഷകർ മാത്രമല്ല യുവത്വവും ഈ സീരിയൽ ഏറ്റെടുത്തു. സാന്ത്വനം സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് സജിൻ ടി പി. സീരിയലിൽ സജിൻ അവതരിപ്പിക്കുന്ന കഥാപാത്രമായ ശിവന് നിരവധി ആരാധകരാണ് ഉള്ളത്. പ്ലസ് ടു എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സജിൻ സാന്ത്വനം എന്ന സീരിയലിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ് ഇപ്പോൾ. സാന്ത്വനത്തിലെ ശിവാഞ്ജലി (ശിവനും അഞ്ജലിയും) കോംപോയ്ക്ക് വളരെയധികം ആരാധകരാണ് കേരളത്തിൽ ഉള്ളത്. ശിവനായി സജിനും അഞ്ജലിയായി നടി ഗോപിക അനിലും മിനിസ്ക്രീനിൽ തകർത്തപ്പോൾ നിരവധി കുടുംബപ്രേക്ഷകരാണ് ഇവരുടെ കട്ടഫാനായി മാറിയത്.
സാന്ത്വനത്തിലെ ശിവനായതിനു ശേഷം ക്യാമറയ്ക്ക് മുമ്പിൽ ഒരു അഭിമുഖത്തിന് തയ്യാറായ സജിൻ കടന്നുവന്ന വഴികളെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഇപ്പോഴത്തെ സന്തോഷത്തെക്കുറിച്ചും മനസു തുറന്നു. ഇരുപത്തിമൂന്നാം വയസിൽ നടി ഷഫ്നയെ വിവാഹം ചെയ്തതിനെക്കുറിച്ചും ശിവൻ എന്ന കഥാപാത്രം ലഭിച്ചതോടെ ജീവിതം മാറിയതിനെക്കുറിച്ചും സജിൻ വെളിപ്പെടുത്തി. സജിൻ അഭിനയിച്ച പ്ലസ് ടു എന്ന സിനിമയിൽ ഷഫ്ന ആയിരുന്നു നായിക. അപ്പോൾ മുതൽ തന്നെ ഇഷ്ടം തുടങ്ങിയിരുന്നു. ഷൂട്ടിംഗ് തീരാറായപ്പോൾ അവളോട് അത് തുറന്നു പറഞ്ഞെങ്കിലും ആദ്യം ഷഫ്ന സമ്മതിച്ചില്ലെന്നും പിന്നെ ഓക്കേ ആകുകയായിരുന്നു എന്നും സജിൻ പറഞ്ഞു.
‘വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹം നടന്നത് ഇരുപത്തിമൂന്നാം വയസിൽ ആയിരുന്നു. ഫോട്ടോ തിരിച്ചറിഞ്ഞ് ആരോ ഷഫ്നയുടെ വീട്ടിൽ അറിയിച്ചു. ആദ്യം പ്രശ്നവും ബഹളങ്ങളും ആയിരുന്നു. ഇപ്പോൾ രണ്ടു വീട്ടുകാരും സ്നേഹത്തിലാണ്. അഞ്ജലിയും ഷഫ്നയും തമ്മിൽ സാമ്യങ്ങളില്ല. ഷഫ്ന ബോൾഡാണ്. എല്ലാം ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഷഫ്നയ്ക്കുണ്ട്. ഷഫ്ന അഞ്ജലിയെ പോലെ ഒരു കഥാപാത്രമായിരുന്നെങ്കിൽ ഒരിക്കലും പ്രണയിക്കില്ലായിരുന്നു. ഞാനും ഷഫ്നയും ശരിക്കും സുഹൃത്തുക്കളാണ്. ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളത് ഷഫ്നയ്ക്ക് ഒപ്പമാണ്. എന്തും ഷഫ്ന സപ്പോർട്ട് ചെയ്യും. എന്നും ഒരുമിച്ച് ഉണ്ടാകണം എന്നാണ് ഷഫ്നയുടെ ആഗ്രഹം’ – സജിൻ മനസു തുറന്നു. സാന്ത്വനം ലഭിക്കുന്നതിനു മുമ്പ് സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി ഒരുപാട് നടന്നെന്നും ഡിപ്രഷന്റെ സ്റ്റേജിൽ എത്തിയെന്നും ഓഡിഷനിൽ നിന്ന് പലതവണ റിജക്ട് ആയിട്ടുണ്ടെന്നും ഇപ്പോഴും സിനിമ തന്നെയാണ് ലക്ഷ്യമെന്നും സജിൻ പറഞ്ഞു.