തമിഴ് സിനിമാ താരം ചിമ്പു 2020 ല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മേക്കോവര്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ആത്മന്-സിലംബരശന്‍ ടി.ആര്’ എന്നായിരുന്നു ആ വിഡിയോക്ക് നല്കിയ പേര്. ഇപ്പോഴിതാ അതിന്റെ പൂര്‍ണരൂപം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ചിമ്പു. ‘ദി ജേര്‍ണി ഓഫ് ആത്മന്’ എന്ന് പേര് നല്‍കിയിരിക്കുന്ന വിഡിയോയില്‍ മലയാളത്തിന് പ്രിയപ്പെട്ട രണ്ട് പേരുണ്ട്.
ബാലതാരമായി എത്തി മലയാളത്തിലും തെലുങ്കിലും തമിഴിലും ശ്രദ്ധ നേടിയ ശരണ്യ മോഹനും ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനുമാണ് ചിമ്പുവിന്റെ വിഡിയോയില്‍ ഇടം പിടിച്ചവര്‍. കളരിപ്പയറ്റ് പഠനത്തിനും മറ്റുമായി കേരളത്തിലെത്തിയ ചിമ്പുവിനെ ഭരതനാട്യം അഭ്യസിപ്പിച്ചത് ശരണ്യയായിരുന്നു. കളരിപ്പയറ്റ് അഭ്യസിക്കുന്നതിനിടെ ചിമ്പുവിന് ചെറിയ പരുക്ക് പറ്റിയപ്പോള്‍ ചികിത്സിച്ചത് അരവിന്ദ് കൃഷ്ണനായിരുന്നു. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകന് കൂടിയാണ് അരവിന്ദ് കൃഷ്ണന്.
അച്ചം യെന്‍പത് മടമയ്യടാ എന്ന ചിത്രത്തിന് ശേഷമാണ് ചിമ്പുവിന്റെ ശരീര ഭാരം കൂടിയത്. പിന്നീട് ഫിറ്റ്നസ് ട്രെയിനര്‍ സന്ദീപ് രാജിനെ പരിചയപ്പെട്ടത് ചിമ്പുവിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. ചിട്ടയായ ഭക്ഷണ ക്രമീകരണത്തിലൂടെയും മറ്റും 105 കിലോ ശരീര ഭാരത്തില്‍ നിന്ന് 72 കിലോയിലേക്ക് ചിമ്പു എത്തി. ഇതിനായി നടത്തിയ വര്‍ക്കൗട്ടുകളും യോഗയും ധ്യാനവും കളരിയഭ്യാസവും നൃത്ത പഠനവും ട്രക്കിങ്ങും നീന്തലും യാത്രകളും ഭക്ഷണക്രമീകരണവും മറ്റ് പരിശ്രമങ്ങളുമൊക്കെയാണ് ദി ജേര്‍ണി ഓഫ് ആത്മനിലുള്ളത്.
2019ന് ശേഷം ഈശ്വരന്, മാനാട് എന്നീ ചിത്രങ്ങളിലൂടെ മികച്ച തിരിച്ചുവരവാണ് ചിമ്പു നടത്തിയത്. രണ്ട് ചിത്രങ്ങള്‍ പ്രേക്ഷക പ്രീതി നേടി. വെന്തു തനിന്തത്തു കാട്, പത്തു തല, കൊറോണ കുമാര്‍, മഹാ തുടങ്ങിയവരാണ് ഇനി പുറത്തിറങ്ങാനുള്ള ചിമ്പു ചിത്രങ്ങള്‍.