സിനിമയിൽ നമ്മൾ പല തരത്തിലുള്ള നായകരെയും കണ്ടിട്ടുണ്ട്. സിനിമയോടുള്ള ആഗ്രഹം നിമിത്തം ചെറുപ്രായത്തിൽ തന്നെ സിനിമയിൽ വന്ന് പതിയെ പതിയെ വലിയ താരമായിട്ടുള്ള പ്രതിഭകളെ നമുക്ക് അറിയാം. എന്നാൽ, പ്രായം 52 ആയപ്പോൾ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അവിടെ ഒരാൾ. ആൾ ചില്ലറക്കാരനല്ല. തമിഴ്നാട്ടിലെ വൻ വ്യവസായി ആയ ശരവണൻ അരുൾ എന്ന ലെജൻഡ് ശരവണൻ ആണ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ജെഡി – ജെറി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ദ ലെജൻഡ് എന്ന ചിത്രത്തിലൂടെയാണ് ശരവണൻ സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. ശരവണൻ അരുൾ അഥവാ ലെജൻഡ് ശരവണൻ എന്നറിയപ്പെടുന്ന ശരവണൻ തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ്.
ശരവണനെ കൂടാതെ ഉർവശി റൗട്ടേല, ഗീഥിക. വിവേക്, നസീർ, പ്രഭു, വിജയകുമാർ, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ച് കാൻ ഫെസ്റ്റിവലിൽ വെച്ചായിരുന്നു നടന്നത്. ആർ വേൽരാജ് ആയിരുന്നു ക്യാമറ. റൂബൻ ആണ് എഡിറ്റർ.
നേരത്തെ പരസ്യചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ശരവണൻ ഇത് ആദ്യമായാണ് ഒരു ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിലെ ടീസർ, ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ പുറത്തു വരികയും വലിയ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. മെയ് 29ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രയിലർ ഇതുവരെ മൂന്ന് കോടിക്ക് അടുത്ത് ആളുകളാണ് ഇതുവരെ കണ്ടത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലാണ് ട്രയിലർ റിലീസ് ചെയ്തത്. രാജു സുന്ദരം, ബ്രിന്ദ മാസ്റ്റർ, ദിനേശ് മാസ്റ്റർ എന്നിവർ നൃത്ത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് പട്ടുകോട്ടൈ പ്രഭാകർ ആണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷന് പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം തന്നെ എല്ലാവിധ വാണിജ്യ ചേരുവകളും ചിത്രത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ട്രയിലർ. ആക്ഷനും കോമേഡിയും പ്രണയവും നൃത്തവുമെല്ലാം ഉൾക്കൊള്ളുന്ന ഒരു മാസ്സ് എന്റർടയിനർ ആയിരിക്കും ചിത്രം എന്നാണ് സൂചന.