മലയാളത്തിലെ സകലകലാവല്ലഭൻ ബാലചന്ദ്രമേനോൻ ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമാണ് എന്നാലും ശരത്..?. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ സംവിധായകനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിലെ നിരഞ്ജ് സുരേഷും റിമി ടോമിയും ചേർന്നാലപിച്ച ശശിയാണേ എന്ന അടിപൊളി ഗാനം പുറത്തിറങ്ങി. അജു വർഗീസ്, റിമി ടോമി എന്നിവർക്കൊപ്പം ബാലചന്ദ്രമേനോനും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹരിനാരായണന്റെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം നൽകിയിരിക്കുന്നത്. സമകാലീന സംഭവങ്ങളെ ആസ്പദമാക്കി ബാലചന്ദ്രമേനോൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന ക്യാമ്പസ് ചിത്രമാണ് എന്നാലും ശരത്..?. 1981ൽ പുറത്തിറങ്ങിയ പ്രേമഗീതങ്ങളാണ് ബാലചന്ദ്രമേനോൻ സംവിധാനം നിർവഹിച്ച അവസാനത്തെ ക്യാമ്പസ് ചിത്രം. 2015ൽ പുറത്തിറങ്ങിയ ഞാൻ സംവിധാനം ചെയ്യുമെന്ന ചിത്രമാണ് ഇതിന് മുൻപ് അദ്ദേഹം സംവിധാനം നിർവഹിച്ച് പുറത്തെത്തിയത്.