പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ വി വിജയേന്ദ്ര പ്രസാദ് ആർ എസ് എസിനെക്കുറിച്ച് സിനിമയെടുക്കുന്നു. സിനിമ മാത്രമല്ല ആർ എസ് എസിനെക്കുറിച്ചുള്ള ഒരു വെബ് സീരീസും എടുക്കാൻ താൻ ആലോചിക്കുന്നതായും വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കി. ബാഹുബലി, ആർ ആർ ആർ, ബജ്രംഗി ഭായ്ജാൻ തുടങ്ങിയ ഹിറ്റു സിനിമകളുടെ തിരക്കഥാകൃത്ത് ആയ വിജയേന്ദ്ര പ്രസാദ് സംവിധായകൻ എസ് എസ് രാജമൗലിയുടെ പിതാവാണ്.
ആർ എസ് എസ് ദേശീയ എക്സിക്യുട്ടീവ് അംഗം രാം മാധവിന്റെ പുസ്തകപ്രകാശനമായിരുന്നു ഓഗസ്റ്റ് 16ന്. ഈ ചടങ്ങിൽ സംസാരിക്കുമ്പോഴാണ് തന്റെ സിനിമാപദ്ധതികളെക്കുറിച്ച് വിജയേന്ദ്ര പ്രസാദ് മനസു തുറന്നത്.
തനിക്ക് ഒരു സത്യം പറയാനുണ്ടെന്ന് പറഞ്ഞാണ് വിജയേന്ദ്ര പ്രസാദ് തുടങ്ങിയത്. ആർ എസ് എസിനെക്കുറിച്ച് തനിക്ക് മൂന്നോ നാലോ വര്‍ഷം മുന്‍പു വരെ കാര്യമായൊന്നും അറിയില്ലായിരുന്നെന്നും എന്നാൽ നാല് വര്‍ഷം മുന്‍പ് ചിലര്‍ തന്നോട് ആര്‍എസ്എസിനെക്കുറിച്ച് ഒരു തിരക്കഥ എഴുതാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് പ്രതിഫലവും നല്കി. തുടർന്ന് താൻ നാഗ്പൂരില്‍ പോയി മോഹന്‍ ഭഗവതിനെ കണ്ടു. ഒരു ദിവസം അവിടെ താമസിക്കുകയും, ആർ എസ് എസ് എന്താണെന്ന് ആദ്യമായി മനസ്സിലാക്കുകയും ചെയ്തു. ഇത്രയും മഹത്തരമായ ഒരു സംഘടനയെക്കുറിച്ച് മനസിലാക്കാതിരുന്നതില്‍ തനിക്ക് ഒരുപാട് പശ്ചാത്താപം തോന്നിയെന്നും വിജയേന്ദ്രപ്രസാദ് പറഞ്ഞു.
ആർ എസ് എസ് ഇല്ലായിരുന്നെങ്കില്‍ കശ്മീര്‍ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത് പാകിസ്താനുമായി ലയിക്കുമായിരുന്നുവെന്നും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ മരിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏതായാലും തിരക്കഥ താൻ രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കിയെന്നും അത് മോഹൻ ഭാഗവതിന് ഇഷ്ടമായെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ ഉടനെ ആരംഭിക്കുമെന്നും വെബ് സീരീസും ചെയ്യണമെന്ന് ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസ് തെറ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ അത് ഇപ്പോൾ പറയുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ആർ എസ് എസിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നത് ആയിരിക്കും ചിത്രമെന്നും പറഞ്ഞു.