തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘കടുവ’യുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്ത് ജിനു എബ്രഹാം. തിരക്കഥ എഴുതി തുടങ്ങിയ സമയത്ത് മനസിൽ കണ്ട പല കഥാപാത്രങ്ങളെയും പിന്നീട് മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് ജിനു. ക്ലബ് എഫ് എമ്മിന് നൽകിയ അഭുമുഖത്തിലാണ് ജിനു ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ചിത്രത്തിൽ നിന്ന് ദിലീഷ് പോത്തനെ മാറ്റേണ്ടി വന്ന സാഹചര്യവും ജിനു തുറന്നു പറഞ്ഞു. ഒരു ആഴ്ചയോളം ഷൂട്ടിംഗിനു വന്നതിനു ശേഷമാണ് ദിലീഷ് പോത്തന്റെ സ്ഥാനത്തേക്ക് ബൈജു എത്തിയത്.
ദിലീഷ് പോത്തൻ ആയിരുന്നു സിനിമയിൽ ബൈജു ചെയ്ത കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. ഒരാഴ്ചയോളം അദ്ദേഹം ഷൂട്ടിംഗിനായി എത്തുകയും ചെയ്തു. അതിനിടെ അദ്ദേഹത്തിന്റെ കാല് ഫ്രാക്ചർ ആയി. അങ്ങനെ അത് പൂർത്തിയാക്കാൻ കഴിയാതെ ദിലീഷ് പോത്തന് മടങ്ങേണ്ടി വന്നു. അങ്ങനെയാണ് ബൈജു ആ റോളിലേക്ക് എത്തിയതെന്നും ദിലീഷ് ചെയ്ത രംഗങ്ങൾ പിന്നീട് ബൈജുവിനെ വെച്ച് ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ജിനു പറഞ്ഞു.
കടുവ എന്ന ചിത്രത്തിൽ ഏതൊക്കെ താരങ്ങൾ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു എന്ന ചോദ്യത്തിന് പൃഥ്വിരാജ് വേണമെന്ന് നിർബന്ധമുണ്ടായിരുന്നു എന്നാണ് ജിനു പറഞ്ഞത്. തിരക്കഥ എഴുതുന്ന സമയത്ത് വില്ലന്റെ മുഖമായി അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു മനസിലെന്നും ജിനു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അരവിന്ദ് സ്വാമിയെ ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ അപ്പോഴാണ് അദ്ദേഹം മലയാളത്തിൽ മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തുവെന്ന് അറിഞ്ഞതെന്നും രണ്ട് സിനിമകൾ തമ്മിൽ ഡേറ്റ് ക്ലാഷ് വന്നെന്നും ജിനു വ്യക്തമാക്കി. തന്റെ മനസിലെ സെക്കൻഡ് ഓപ്ഷൻ ആയിരുന്നു വിവേക് ഒബ്റോയി എന്നും അദ്ദേഹം പറഞ്ഞു.