ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘കടുവ’. ചിത്രത്തിൽ നായകനായി പൃഥ്വിരാജ് എത്തിയപ്പോൾ വില്ലനായി ബോളിവുഡ് താരം വിവേക് ഒബ്റയോയി ആണ് എത്തിയത്. ഐജി ജോസഫ് ചാണ്ടി എന്ന കഥാപാത്രമായാണ് വിവേക് ഒബ്റോയി എത്തിയത്. എന്നാൽ, തിരക്കഥ എഴുതുന്ന സമയത്ത് ജോസഫ് ചാണ്ടി എന്ന കഥാപാത്രം ചെയ്യാൻ താൻ മനസിൽ കണ്ടിരുന്നത് വിവേക് ഒബ്റോയിയെ ആയിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് തിരക്കഥാകൃത്ത് ജിനു എബ്രഹാം. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ജിനു ഇക്കാര്യം വ്യക്തമാക്കിയത്.
കടുവ എന്ന ചിത്രത്തിൽ ഏതൊക്കെ താരങ്ങൾ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു എന്ന ചോദ്യത്തിന് പൃഥ്വിരാജ് വേണമെന്ന് നിർബന്ധമുണ്ടായിരുന്നു എന്നാണ് ജിനു പറഞ്ഞത്. തിരക്കഥ എഴുതുന്ന സമയത്ത് വില്ലന്റെ മുഖമായി അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു മനസിലെന്നും ജിനു വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അരവിന്ദ് സ്വാമിയെ ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ അപ്പോഴാണ് അദ്ദേഹം മലയാളത്തിൽ മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തുവെന്ന് അറിഞ്ഞതെന്നും രണ്ട് സിനിമകൾ തമ്മിൽ ഡേറ്റ് ക്ലാഷ് വന്നെന്നും ജിനു വ്യക്തമാക്കി. തന്റെ മനസിലെ സെക്കൻഡ് ഓപ്ഷൻ ആയിരുന്നു വിവേക് ഒബ്റോയി എന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിൽ അലൻസിയാർ ചെയ്ത കഥാപാത്രം സിദ്ദിഖ് ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ജിനു വ്യക്തമാക്കി. ‘അദ്ദേഹം രണ്ടു ദിവസം വന്ന് അഭിനയിച്ചു. കോവിഡ് വന്ന് പടം നിർത്തിക്കഴിഞ്ഞപ്പോൾ പുള്ളിക്ക് ഡേറ്റ് പ്രശ്നമായി. അതുകൊണ്ട് അലൻസിയാർ ചേട്ടനെ വെച്ച് റീഷൂട്ട് ചെയ്തതാണ്’ – ജിനു പറഞ്ഞു. ഷാജോണിനെ കണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ എഴുതിയതെന്നും അദ്ദേഹത്തിന്റെ അച്ഛനായി അബു സലിമിനെ ആയിരുന്നു കണ്ടതെന്നും ജിനു പറഞ്ഞു.