വേലൈക്കാരൻ പകർന്ന വിജയം, വരുത്തപ്പെടാത്ത വാലിബർ സംഘം, രജിനിമുരുഗൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ശിവകാർത്തികേയൻ – പൊൻറാം കൂട്ടുകെട്ട്, സൂരിയുടെ സിക്സ് പാക്ക്, ശിവകാർത്തികേയൻ – സാമന്ത ജോഡിയുടെ ആദ്യചിത്രം… എന്നിങ്ങനെ പ്രതീക്ഷകൾക്ക് ഏറെ വക നൽകിയാണ് സീമരാജ ഇന്ന് തീയറ്ററുകളിൽ എത്തിയത്. പ്രേക്ഷകന്റെ ആ പ്രതീക്ഷകളോട് ചിത്രം നീതി പുലർത്തി എന്നത് തന്നെയാണ് വാസ്തവം. മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പൊൻറാം തന്റെ നായകന് ഒരു മാസ്സ് പരിവേഷം പകർന്ന് നൽകിയിട്ടുണ്ട്. മാസ്സ് ഇൻട്രോയുമെല്ലാമായി ശിവകാർത്തികേയന് ഒരു താരപരിവേഷം സംവിധായകൻ നൽകിയിട്ടുണ്ട്.
സിങ്കംപെട്ടിയിലെ രാജകുടുംബത്തിലെ ഒരു അനന്തരാവകാശിയാണ് സീമരാജ. സുഹൃത്ത് കണക്കിനൊപ്പം പ്രത്യേക ലക്ഷ്യങ്ങളൊന്നും നടക്കുന്ന ഒരു യുവാവ്. തൻ്റെ ശത്രുപക്ഷത്തുള്ള പുളിയമ്പട്ടി ഗ്രാമത്തിൽ ഉള്ള സെൽവി എന്ന ടീച്ചറെ വിവാഹം കഴിക്കണം എന്നുള്ള ലക്ഷ്യത്തോടെ പിന്നാലെ നടക്കുകയാണ് സീമരാജ. പുളിയമ്പട്ടി ഗ്രാമത്തിലാകട്ടെ കാത്താടി കണ്ണനും ഭാര്യ കാളീശ്വരിയും ചേർന്ന് ഗ്രാമത്തിൽ ഉള്ളവരെ ഒഴിപ്പിച്ച് വിൻഡ് മിൽസ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അവരുടെ പദ്ധതികൾ സീമരാജ തകർക്കുന്നതും അതോടൊപ്പം തൻ്റെ കുടുംബത്തിൽ തലമുറകൾക്ക് മുൻപ് നടന്ന കാര്യങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സീമരാജയായും ഫ്ലാഷ്ബാക്കിൽ കടമ്പവീര രാജയായും നിറഞ്ഞു നിൽക്കുകയാണ് ശിവകാർത്തികേയൻ. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രിസൻസ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഗുണമായി എടുത്തു കാണിക്കാവുന്നത്. അന്യദേശക്കാർ വന്ന് നാട് ഭരിച്ചാൽ നാടിന്റെ പൈതൃകവും ഭാഷയുമെല്ലാം അവർ ഇല്ലാതാക്കുമെന്ന ഒരു ഓർമ്മപ്പെടുത്തലും ചിത്രം നടത്തുന്നുണ്ട്.
ശിവകാർത്തികേയൻ – സൂരി കോമ്പോ വീണ്ടും വീണ്ടും പ്രേക്ഷകരെ ചിരിപ്പിച്ച് മുന്നേറുകയാണ്. സാമന്തക്കൊപ്പം ഒരു മികച്ച കെമിസ്ട്രി രൂപപ്പെടുത്തിയെടുക്കാനും ശിവകാർത്തികേയന് സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ പ്രശംസ അർഹിക്കുന്ന ഒന്നാണ് ലാൽ, സിമ്രാൻ എന്നിവർ അവതരിപ്പിച്ച വില്ലൻ വേഷങ്ങളും. പറഞ്ഞുശീലിച്ച കഥകളും ഒരേ തരത്തിൽ ഉള്ള കഥാപാത്രങ്ങളുടെ ആവർത്തനവുമാണ് ചിത്രത്തെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകങ്ങൾ. ഫ്ലാഷ് ബാക്ക് സീനുകൾ പ്രത്യേകം കൈയ്യടികൾ നേടുന്നുണ്ടെങ്കിലും പ്രേക്ഷകനെ അവയെ പൂർണമായും ഉൾക്കൊള്ളുവാൻ സാധിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. ഡി ഇമ്മൻ ഈണമിട്ട ഗാനങ്ങളിൽ പുതുമകൾ കൊണ്ടുവരുവാൻ അധികം സാധിച്ചിട്ടില്ല. ശരാശരിയിൽ ഒതുങ്ങുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ ക്യാമറ വർക്ക് മനോഹരമായിട്ടുണ്ട്. ചിരിക്കാനും ചിന്തിക്കാനുമുള്ളത് ചിത്രം പകരുന്നുണ്ട്. ഒപ്പം ശിവകാർത്തികേയന്റെ കരിയറിൽ മറ്റൊരു വിജയം കൂടിയും.