മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എലോണ്‍. വ്യത്യസ്ത കഥാപാശ്ചാത്തലത്തിലുള്ള ചിത്രം ഇന്ന് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിന് പൊതുവേ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം ആഘോഷമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടിന്റെ പാലക്കാട്ട് നടക്കുന്ന ചിത്രീകരണത്തിനിടെയാണ് എലോണിന്റെ വിജയം അണിയറപ്രവര്‍ത്തകര്‍ ആഘോഷമാക്കിയിരിക്കുന്നത്. എലോണിന്റെ നിര്‍മ്മാതാവ് കെ രാധാകൃഷ്ണന് മുന്‍കയ്യെടുത്താണ് ആഘോഷം സംഘടിപ്പിച്ചത്. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടി കേക്കു മുറിച്ച് വിജയാഹ്ളാദത്തില്‍ പങ്കെടുത്തു. ഭാവന, അതിഥി രവി, രാഹുല്‍ മാധവ്, വിനു മോഹന്‍, അജ്മല്‍ അമീര്‍, ചന്തു നാഥ് എന്നിവര്‍ വിജയാഘോഷത്തില്‍ പങ്കെടുത്തു.
‘ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തിന് ശേഷം ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് ഹണ്ട്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ. രാധാകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ നിഖില്‍ ആനന്ദാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്.