തിയറ്ററുകളിൽ വൻ വിജയമായി മാറിയ കടുവയ്ക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നു. ബിഗ് ബജറ്റ് ചിത്രമായ കാപ്പയിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. കാപ്പയുടെ ചിത്രീകരണം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് ചിത്രത്തിന്റെ പൂജ പാളയം വി ജെ ടി ഹാളിൽ നടന്നു. എസ് എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്.
ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവഹിച്ചു. പൃഥ്വിരാജ്, ആസിഫ് അലി, എ കെ സാജൻ, ജിനു വി എബ്രഹാം എന്നിവർ പൂജാ കർമത്തിൽ പങ്കെടുത്തു. പൃഥ്വിരാജ് ചിത്രത്തിനു വേണ്ടി നൽകിയിരിക്കുന്നത് 60 ദിവസത്തെ ഡേറ്റാണ്. വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് പൃഥ്വിരാജ് ജന്മനാടായ തിരുവനന്തപുരത്ത് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തുന്നത്. മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും അഭിനയിക്കുന്നുണ്ട്.
ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റേർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമിക്കുന്ന ചിത്രമാണ് കാപ്പ. എഴുത്തുകാരനായ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ രചന ഇന്ദുഗോപൻ തന്നെയാണ്. തിരുവനന്തപുരത്തെ പ്രാദേശിക ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ജോമോൻ ടി ജോൺ – ഛായാഗ്രഹണം. ആർട്ട് ഡയറക്ടർ – ദിലീപ് നാഥ്, എഡിറ്റർ – ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു വൈക്കം, പി.ആർ.ഒ -ശബരി.