താൻ സംഗീതം നൽകിയ പാട്ട് കേട്ട് ബേസിലിന്റെ പങ്കാളി എലിസബത്ത് തന്നെ വിളിച്ച് കരഞ്ഞെന്ന് ഷാൻ റഹ്മാൻ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആണ് ഷാൻ റഹ്മാൻ ഇക്കാര്യം പറഞ്ഞത്. മിന്നൽ മുരളി സിനിമയിലെ ഉയരെ എന്ന പാട്ട് കേട്ടതിനു പിന്നാലെയാണ് എലിസബത്ത് ഷാനിനെ വിളിച്ച് കരഞ്ഞത്.
ആ പാട്ടിന്റെ ലിറിക്ക് വീഡിയോ ഇറങ്ങിയ സമയത്ത് കുറേ പേർക്ക് ആ സിനിമ ഇഷ്ടമായിരുന്നില്ലെന്നും എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ പാട്ടിന് വലിയ സ്വീകാര്യത ലഭിച്ചെന്നും ഷാൻ പറഞ്ഞു. ഉയരെ എന്ന പാട്ട് കേട്ടിട്ട് ബേസിലിന്റെ ഭാര്യ എന്നെ വിളിച്ച് കരഞ്ഞിരുന്നു. ഓ എന്തൊരു പാട്ടാണ് ഷാനിക്കാ നിങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്നത് എന്ന് പറഞ്ഞാണ് കരഞ്ഞത്. അത് മറക്കാൻ കഴിയാത്തൊരു മൊമന്റ് ആയിരുന്നെന്നും അതൊക്കെ കേൾക്കുമ്പോൾ സന്തോഷമാണെന്നും ഷാൻ പറഞ്ഞു.
സംവിധായകനെയാണ് ആദ്യം നമ്മൾ സാറ്റിസ്ഫൈ ചെയ്യേണ്ടത്. എന്ത് പാട്ടാണിത്. ഷാൻ ഉണ്ടാക്കിയ പാട്ടാണോ ഇതെന്നൊക്കെ പലരും ചോദിച്ചിരുന്നു. ഞാൻ വർക്ക് ചെയ്തത് ബേസിലിന് വേണ്ടിയാണ്. ബേസി എനിക്ക് തന്ന സിറ്റുവേഷൻ അനുസരിച്ചാണ് പാട്ട് ഉണ്ടാക്കുന്നത്. അതുകൊണ്ടു തന്നെ വെറുമൊരു ലിറിക് വീഡിയോ ആളുകൾക്ക് കണക്റ്റ് ആകണമെന്നില്ല. പക്ഷേ, സിനിമ ഇറങ്ങിയപ്പോൾ ആളുകൾക്ക് പാട്ട് കൂടുതലായും കണക്റ്റ് ആയെന്നും ഷാൻ പറഞ്ഞു.