മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണ് കമൽ ഹാസൻ നായകനായി എത്തിയ ഇന്ത്യൻ. 1996ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയിരുന്നു ഈ ചിത്രം. നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത് സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിരുന്നു. ‘ഇന്ത്യൻ 2’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് കുറച്ചുകാലം ആയെങ്കിലും കോവിഡ് എത്തിയതിനെ തുടർന്ന് എല്ലാം മുടങ്ങുകയായിരുന്നു. ഏതായാലും രണ്ടു വർഷത്തോളം മുടങ്ങിക്കിടന്ന സിനിമയുടെ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുന്നതായി സംവിധായകൻ ശങ്കർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇന്ത്യൻ 2വിന്റെ പോസ്റ്റർ പങ്കുവെച്ചു കൊണ്ടാണ് ശങ്കർ ഇക്കാര്യം അറിയിച്ചത്.
‘ഇന്ത്യൻ 2-ന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കുമെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാ പിന്തുണയും ആശംസകളും ഞങ്ങൾക്ക് ആവശ്യമാണ്’ എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ശങ്കർ കുറിച്ചത്. കമൽ ഹാസനും പോസ്റ്റർപങ്കുവെച്ചിട്ടുണ്ട്. സെപ്തംബർ മുതലായിരിക്കും കമൽ ഹാസൻ ചിത്രത്തിൽ ജോയിൻ ചെയ്യുക. ഏറെ നാളുകളായി മുടങ്ങിക്കിടന്ന ഷൂട്ടിംഗ് പുനരാരംഭിക്കുകയാണെന്ന പ്രത്യേകതയും ഉണ്ട്. ഷൂട്ടിങ്ങിന് മുന്നോടിയായി കമൽ ഹാസൻ പ്രശസ്ത ഹോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റ് മൈക്കിൾ വെസ്റ്റ്മോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
കാജൽ അഗർവാൾ ആണ് ചിത്രത്തിൽ കമൽ ഹാസന്റെ നായികയായി എത്തുന്നത്. സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയിൽ കമൽ ഹാസൻ ഇരട്ടവേഷത്തിലെത്തിയപ്പോൾ സിനിമയിലെ നായിക മനീഷ കൊയ്രാള ആയിരുന്നു. സുകന്യ, ഗൗണ്ടമണി എന്നിവരും പ്രധാന വേഷങ്ങളിൽ അന്ന് ചിത്രത്തിൽ എത്തിയിരുന്നു. ഒന്നാം ഭാഗത്തിൽ എ ആർ റഹ്മാൻ ആയിരുന്നു സംഗീതസംവിധാനം നിർവഹിച്ചതെങ്കിൽ രണ്ടാം ഭാഗത്തിൽ അനിരുദ്ധ് രവിചന്ദർ ആണ്. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയന്റ് മൂവീസും ലൈക്കാ പ്രൊഡക്ഷൻസും ചേർന്നാണ് ‘ഇന്ത്യൻ 2’ നിർമ്മിക്കുന്നത്.
Filming for #Indian2 from September. Wishing team @shankarshanmugh , #Subaskaran , @LycaProductions and everyone else involved a successful journey.
Welcome onboard thambi @Udhaystalin @RedGiantMovies_ https://t.co/iCbBZFX8X4 pic.twitter.com/uKInYMy15W— Kamal Haasan (@ikamalhaasan) August 23, 2022