വ്യായാമം ചെയ്യുന്ന കാര്യം മടിയോടെ ആലോചിക്കുന്നവരായിരിക്കും നമ്മളിൽ മിക്കവരും. എന്നാൽ, കിട്ടുന്ന ഒരു ചെറിയ സമയം പോലും വ്യായാമം ചെയ്യാൻ ഉപയോഗിച്ചാലോ. അത്തരത്തിൽ വ്യായാമം ചെയ്ത് വൈറലായിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. വിമാനത്താവളത്തിലേക്ക് പോകുന്ന സമയത്ത് ബസിൽ വെച്ചാണ് ശിൽപ ഷെട്ടി വ്യായാമം ചെയ്തത്. ബസിൽ വെച്ച് താരം വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബസിലെ വ്യായാമത്തിന്റെ വീഡിയോ താരം തന്നെയയാണ് പങ്കുവെച്ചത്.
ഡെനിം ബ്ലേസറും ഡെനിം പാന്റും ധരിച്ച താരം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ആളൊഴിഞ്ഞ ബസിൽ വ്യായാമം ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒരു ഫാഷൻ വീക്കിൽ റാംപിൽ നടന്ന ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു താരം. ഒരു അടിക്കുറിപ്പോടു കൂടിയാണ് താരം വ്യായാമത്തിന്റെ വീഡിയോ പങ്കുവെച്ചത്. ‘ബസിൽ ആളില്ലാത്തതിനാൽ തിങ്കളാഴ്ച യാത്രയുടെ തുടക്കം നന്നായി’ – എന്ന് കുറിച്ചാണ് പുൾ അപ്പുകളും പുഷ് അപ്പുകളും ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചത്.
വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് ലഭിച്ചത്. വീഡിയോ കണ്ട് നടൻ അമിത് സാദ്, ‘ഇനി കാണുമ്പോൾ നമുക്ക് ഇതിൽ ചിലത് ചെയ്യാം’ എന്ന് കുറിച്ചപ്പോൾ ‘അപകടകരമാണ്’ എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. അതേസമയം, താരം ശരിക്കും ഒരു പ്രചോദനമാണ് എന്ന് കുറിച്ചവരും ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ശിൽപ ഷെട്ടി തന്റെ യോഗ ചിത്രങ്ങളും വീഡിയോകളും പ്രചോദനാത്മക സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ പതിവായി പങ്കുവെയ്ക്കാറുണ്ട്.
View this post on Instagram