നടൻമാർ എക്സ്ക്ലുസിവ് ആയിരിക്കണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. അവരെ സിനിമയിൽ മാത്രം ആയിരിക്കണം കാണേണ്ടതെന്നും ഷൈൻ പറഞ്ഞു. തന്റെ ആദ്യ തെലുങ്കു ചിത്രമായ ദസറയുടെ പ്രമോഷന് വേണ്ടി എത്തിയ ഷൈൻ സിനിമ ഡാഡിയോട് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. ബിഗ് ബോസ് അവതാരകൻ ആകാൻ വിളിച്ചാൽ എന്തായിരിക്കും നിലപാട് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ഷൈൻ ടോം ഇങ്ങനെ പറഞ്ഞത്.
തെലുഗു ബിഗ് ബോസിന്റെ അവതാരകനായാൽ എന്ന് ചോദ്യം തുടങ്ങിയപ്പോൾ തന്നെ താൻ തെലുഗു ബിഗ് ബോസ് ഹോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആയിരുന്നു നാനിയുടെ പ്രതികരണം. തുടർന്ന് ചോദ്യം ഷൈനിലേക്ക് എത്തിയപ്പോൾ താൻ ബിഗ് ബോസ് അവതാരകൻ ആകില്ല എന്നായിരുന്നു മറുപടി. അതിന്റെ കാരണം ഷൈൻ വ്യക്തമാക്കിയത് ഇങ്ങനെ, ‘നടൻമാരെ സിനിമയിൽ ആണ് കാണേണ്ടത്. ഡെയിലി ഒരാളെ തന്നെ കണ്ടോണ്ടിരുന്നാൽ അയാളുടെ പടം കാണാൻ വലിയ താൽപര്യമൊന്നും ഉണ്ടാകില്ല’ – എന്നാണ് ഷൈൻ വ്യക്തമാക്കിയത്.
‘നടൻമാർ എക്സ്ക്ലുസിവ് ആയിരിക്കണം. കമൽ ഹാസനെയും രജനികാന്തിനെയും സിനിമയിലും തിയറ്ററിലും അല്ലാതെ വേറെ എവിടെയും നമുക്ക് കാണാൻ കഴിയില്ല. കരിയറിന്റെ തുടക്കകാലത്ത് ഇവർ ആരും പരസ്യത്തിൽ അഭിനയിക്കുകയോ ബിഗ് ബോസ് അവതാരകരാകുകയോ ചെയ്തിട്ടില്ല. മോഹൻലാൽ ബിഗ് ബോസ് അവതാരകനായത് ഇപ്പോഴാണ. ഇപ്പോൾ വരുന്ന പുതിയ പിള്ളേരുടെ കാര്യമാണ് പറയുന്നത്. സിനിമയിൽ ആണ് നിലനിൽക്കാൻ താൽപര്യമെങ്കിൽ ആ എക്സ്ക്ലുസിവ്നെസ് ഉണ്ടായിരിക്കണം. നമ്മളെ കാണണമെങ്കിൽ സിനിമ കാണണം’. ഷൈൻ ടോം ചാക്കോ ഇത് പറഞ്ഞു നിർത്തിയപ്പോൾ ഇതിനോട് പൂർണമായി യോജിക്കുന്നെന്ന് ആയിരുന്നു നാനിയുടെ മറുപടി. ഇത് നേരത്തെ തനിക്ക് മനസിലായില്ലെന്നും നാനി പറഞ്ഞു.