അന്നുമിന്നും മലയാളികളുടെ പ്രിയ നായികയാണ് ശോഭന. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇന്നും മലയാളികള്‍ മറക്കാത്ത നായിക നടിയാണ് അവര്‍. അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് തന്റെ സമയം മാറ്റിവയ്ക്കുന്നത്. നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ആരാധകരുമായി പങ്കിടാനും ശോഭന സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, ഒരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുകയാണ് താരം. ”നമുക്കെല്ലാവര്‍ക്കും ഒരു ശൈലിയുണ്ട്, അത് കണ്ടെത്തേണ്ടതുണ്ട് … നിങ്ങള്‍ തിരയുന്നില്ലെങ്കില്‍ അത് അതിലും മികച്ചതാണ്,” എന്നാണ് ചിത്രത്തിനൊപ്പം ശോഭന കുറിച്ചിരിക്കുന്നത്.
View this post on Instagram
അതേ സമയം ചിത്രത്തില്‍ ശോഭന ധരിച്ച ലിപ്സ്റ്റിക്കിനെ കുറിച്ച് നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്. ”നിങ്ങളല്ലാതെ മറ്റാരും പര്‍പ്പിള്‍ കളര്‍ ലിപ്സ്റ്റിക് ധരിക്കാന്‍ ധൈര്യപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല, കലക്കി,” എന്നാണ് ഒരു ആരാധികയുടെ കമന്റ്. ”വളരെ ബുദ്ധിമുട്ടിയാണ് സ്റ്റൈലിസ്റ്റിനെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചെടുത്തത്,” എന്നാണ് കമന്റിന് ശോഭനയുടെ മറുപടി. സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്റെ അമ്മായിമാരുടെ പാത പിന്തുടര്ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ചിത്രാ വിശ്വേശ്വരന്, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും അവസാനം അഭിനയിച്ചത്.