അന്നുമിന്നും മലയാളികളുടെ പ്രിയ നായികയാണ് ശോഭന. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇന്നും മലയാളികള്‍ മറക്കാത്ത നായിക നടിയാണ് അവര്‍. അഭിനയത്തേക്കാള്‍ ഉപരി നൃത്തത്തിനു വേണ്ടിയാണ് തന്റെ സമയം മാറ്റിവയ്ക്കുന്നത്. നൃത്തത്തിന്റെ വിശേഷങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ആരാധകരുമായി പങ്കിടാനും ശോഭന സമയം കണ്ടെത്താറുണ്ട്. സിനിമാ നൃത്ത കുടുംബത്തില്‍ നിന്ന് വരുന്ന ശോഭന, തന്റെ അമ്മായിമാരുടെ പാത പിന്തുടര്ന്ന് സിനിമയിലും പിന്നീട് നൃത്തത്തിലും എത്തി. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പദ്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. രണ്ടു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതം മാറ്റി വച്ച് ഇപ്പോള്‍ നൃത്തത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈയടുത്ത് പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരികെ എത്തിയിരുന്നു ശോഭന.
അനന്ത നാരായണിയാണ് ശോഭനയുടെ മകള്‍. അവിവാഹിതയായ ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുകയായിരുന്നു. കുഞ്ഞിനൊപ്പമുള്ള സുന്ദരമായ നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 2010 ലായിരുന്നു ശോഭന പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഈയ്യടുത്തും കുഞ്ഞിനൊപ്പമുള്ള വീഡിയോ താരം പങ്കുവച്ചിരുന്നു. പരീക്ഷയ്ക്ക് പഠിക്കുന്ന മകളുടെ വീഡിയോയാണ് താരം പങ്കുവച്ചത്. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു ശോഭന വീഡിയോയിലൂടെ സംസാരിച്ചത്.
മകളെക്കുറിച്ച് മനസ്സു തുറന്നു സംസാരിക്കുകയാണ് ശോഭന. മകളാണ് തന്റെ ലോകം എന്നാണ് ശോഭന പറയുന്നത്. അവള് നീളം വെക്കുന്നുണ്ടോ എന്ന് താന്‍ നോക്കിയിരിക്കുമെന്നും ശോഭന പറയുന്നു. പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും നമ്മള് ഒരുപോലെ തന്നെ വളര്ത്തണ്ടേ, ആണ്‍കുട്ടിയെ അങ്ങനെ വിടാന്‍ പറ്റുമോ? ആണ്‍കുട്ടികളാണെങ്കില്‍ അവരൊരു പ്രായത്തില്‍ മരത്തില്‍ കയറിയാല്‍ വീഴുമോയെന്ന ആശങ്ക. ബൈക്ക് വാങ്ങിച്ച് കൊടുത്താല്‍ അതോടിക്കുന്നതിന്റെ പേടി. പിന്നെ അവരെപ്പോഴാണ് വീട്ടിലേക്ക് വരികയെന്ന ടെന്‍ഷന്‍. അതുപോലെ തന്നെയാണ് പെണ്‍കുട്ടികളും.
മോളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ ഞാന്‍ നന്നായി ശ്രദ്ധിക്കാറുണ്ട്. അവളും ഒരു മോഡേണ്‍ സ്കൂളിലാണ് പോവുന്നത്. ഇടയ്ക്് മിഡി സ്കേര്‍ട്ട് ഒക്കെ ധരിക്കും. പെണ്‍കുട്ടികളാണെങ്കില്‍ പെട്ടെന്ന് വളരുമല്ലോ. ശോഭന പറയുന്നു. മകള്‍ നീളം വെക്കുന്നുണ്ടോയെന്ന് താനെപ്പോഴും നോക്കിക്കൊണ്ടിരിക്കുമെന്ന് ശോഭന പറയുന്നു. അപ്പോള്‍ അവള് ചോദിക്കും വാട്്സ് ദ ഡീല്‍ അമ്മാ, കൂടെ പഠിക്കുന്ന ആണ്കുട്ടികളെയൊക്കെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ മുതല്‍ കാണുന്നതല്ലേ. ഹൂ കെയര്‍സ്. നോ ബഡി കെയര്‍സ് എന്ന്. ശരിയാണ്, കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒന്നും തോന്നില്ല. പക്ഷെ ബാക്കിയെല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ. ചെറിയ പ്രായത്തില്‍ കുട്ടികളെ ഇങ്ങനെയെല്ലാം നോക്കണം. കുറച്ചു കൂടി പ്രായമാകുമ്പോള്‍ അവള് സ്വയം തീരുമാനിക്കട്ടെ. എന്നും ശോഭന പറയുന്നു.