രോമാഞ്ചത്തിന്റെ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന് ജിത്തു മാധവന്. ആവേശം എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ഫഹദ് ഫാസിലും നസ്രിയ നസീമുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ ബേസ് ചെയ്തിട്ടുള്ള ക്യാമ്പസ് കഥയാകും ചിത്രം പറയുകയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. കോമഡി എന്റര്ടെയ്നര് ആകും ചിത്രമെന്നും ഓണം റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുഷിന് ശ്യാമാകും ചിത്രത്തിന്റെ സംഗീത സംവിധായകനെന്നും വിവരമുണ്ട്.
ഹൊറര്‍ കോമഡി പശ്ചാത്തലമാക്കിയുള്ളതായിരുന്നു ജിത്തു മാധവന് ഒരുക്കിയ രോമാഞ്ചം. ചുരുങ്ങിയ ചിലവില്‍ ഒരുക്കിയ ചിത്രം 50 കോടിക്ക് മേല്‍ കളക്ട് ചെയ്തിരുന്നു. സൗബിന് ഷാഹിറിന് പുറമെ പ്രധാന അഭിനേതാക്കളെല്ലാം സമൂഹ മാധ്യമങ്ങള്‍ വഴി പരിചിതരായ മുഖങ്ങള്‍ ആണ്. ബംഗളൂരുവില്‍ താമസിക്കുന്ന ഒരുകുട്ടം യുവാക്കള്‍ ഓജോ ബോര്‍ഡ് കളിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഥ. രണ്ടാം ഭാഗം ഉറപ്പുനല്‍കിയാണ് ചിത്രം അവസാനിക്കുന്നത്.