അമ്മയായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടി ശ്രീയ ശരണ്‍. ഭര്‍ത്താവ് ആന്ദ്രേ കൊശ്ചീവിനും മകള്‍ക്കുമൊപ്പമുള്ള വീഡിയോ പങ്കുവച്ചാണ് താരം സന്തോഷവാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. രാധ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 2020ല്‍ കോവിഡ് കാലത്ത് സംഭവിച്ച ഏറ്റവും മനോഹര നിമിഷമാണിതെന്ന് ശ്രിയ കുറിക്കുന്നു. ഗോസിപ്പുകാര്‍ ഒന്നുമറിയാതെയാണ് സംഭവം നടന്നതെന്നതാണ് കൗതുകം. തമിഴിലും തെലുങ്കിലും മലയാളത്തിലും ബോളിവുഡിലുമൊക്കെ സജീവമായിരുന്ന നടിയാണ് ശ്രിയ ശരണ്‍. എന്നാല്‍ താരം ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആരുമറിഞ്ഞിരുന്നില്ല.
View this post on Instagram
ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2018ലായിരുന്നു ശ്രിയ ശരണും റഷ്യന്‍ സ്വദേശിയായ ആന്‍ഡ്രേയ് കൊഷ്ചിവും തമ്മില്‍ വിവാഹിതരാവുന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ ചടങ്ങുകളിലൂടെയാണ് ശ്രിയയും ആന്‍ഡ്രോയും വിവാഹിതരായത്. കല്യാണശേഷമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നപ്പോഴാണ് നടിയുടെ വിവാഹം കഴിഞ്ഞെന്ന കാര്യവും പുറത്തറിയുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച ഇവര്‍ക്കൊപ്പം കണ്മണി കൂടി ഉള്ളതിന്റെ സന്തോഷം.
ഹരിദ്വാറില്‍ ജനിച്ച ശ്രിയ വളര്‍ന്നത് ഡല്‍ഹിയിലാണ്. 2001 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഇഷ്ടത്തിലൂടെയാണ് ശ്രിയ സിനിമാരംഗത്ത് അരങ്ങേറ്റം ചെയ്യുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ ചെയ്തു. മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം പോക്കിരി രാജയിലും മോഹന്‍ലാലിനൊപ്പം കാസനോവയിലും അഭിനയിച്ചിട്ടുണ്ട്. കാര്‍ത്തിക് നരേന്റെ നരഗാസുരന്‍, ഗമനം, തട്ക, ആര്‍ആര്‍ആര്‍ തുടങ്ങിയവയാണ് ശ്രിയയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.