സിനിമ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ നിഖില വിമൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. അയൽ വാശി എന്ന സിനിമയാണ് നിഖിലയുടേതായി അവസാനമായി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. സിനിമയിൽ വിവാഹം ഒരു വിഷയമാണ്. അതുകൊണ്ട് തന്നെ സ്വന്തം നാട്ടിലെ വിവാഹത്തെക്കുറിച്ച് ഓർത്തെടുക്കാൻ അവതാരക ചോദിച്ചപ്പോഴാണ് നിഖില തന്റെ നാട്ടില മുസ്ലിം കല്യാണങ്ങളെക്കുറിച്ച് പറഞ്ഞത്.
മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകൾക്ക് അടുക്കളഭാഗത്ത് ഇരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇപ്പോഴും ഉണ്ടെന്നായിരുന്നു നിഖില പറഞ്ഞത്. ‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയും ഒക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്. ഇപ്പോഴും അതിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല’ – നിഖില പറഞ്ഞു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോഴാണ് ഷുക്കൂർ വക്കീൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നത്.
‘മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? (സ്വത്ത് അവകാശങ്ങളിൽ ഉള്ളതു പോലെ ) മുസ്ലിങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിമീങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാം. കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക.? നിഖില 💕’ – നിഖിലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.