വിജയ് – എ ആർ മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന സർക്കാരിലെ സിംതാങ്കാരൻ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്നലെ പുറത്തിറങ്ങിയിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്മാനാണ്. ബംബ ബാക്യ, വിപിൻ, അപർണ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ ഗായകൻ ബംബ ബാക്യ ചില രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
“പതിനഞ്ച് വർഷങ്ങൾക്ക് മുൻപാണ് റഹ്മാൻ സാറിനെ ഞാൻ കാണുന്നത്. പക്ഷേ ഞാൻ ഒരു ഗായകൻ ആണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഞാൻ പറഞ്ഞതുമില്ല. പ്രശസ്തരായ ഏറെ ഗായകർ ഉണ്ടായിരുന്നതിനാൽ എനിക്ക് ഒരു അവസരം ലഭിക്കില്ല എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. റഹ്മാൻ സാറിന്റെ ഡ്രൈവറുടെ കല്യാണത്തിന് പാടുമ്പോഴാണ് അദ്ദേഹം ഞാൻ പാടുമെന്ന് അറിഞ്ഞത്. ആറ് മാസങ്ങൾക്ക് ശേഷം രാവണനിൽ ഒരു ഗാനം ആലപിക്കുവാൻ എനിക്ക് അദ്ദേഹം അവസരം തന്നു.”
സർക്കാരിലെ ഗാനം ആലപിച്ചതിന് പിന്നിലെ എക്സ്പീരിയൻസും അദ്ദേഹം തുറന്നു പറഞ്ഞു. “ഞാൻ സ്റ്റുഡിയോയിൽ ചെന്നപ്പോൾ ഗാനരചയിതാവ് വിവേക് സാർ, റഹ്മാൻ സാർ, വിപിൻ സാർ എല്ലാം അവിടെ ഉണ്ടായിരുന്നു. പാട്ടിന്റെ വരികൾ എല്ലാം വ്യക്തമായിട്ടു പറഞ്ഞു തന്നു. രണ്ടു മണിക്കൂർ കൊണ്ട് റെക്കോർഡിങ്ങ് തീർത്തു. കുറച്ച് ദൈർഘ്യമേറിയതാണെങ്കിലും എല്ലാം നന്നായിട്ട് തന്നെ നടന്നു.”
ട്രെൻഡി ആയൊരു കളർഫുൾ വേഷത്തിലാണ് ബംബ അഭിമുഖത്തിനെത്തിയത്. അതിനെ കുറിച്ച് ചോദിച്ചപ്പോൾ റഹ്മാൻ സാർ സമ്മാനിച്ചതാണ് ആ ഡ്രസ്സ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.