തുപ്പാക്കി, കത്തി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയും സംവിധായകൻ എ ആർ മുരുഗദോസ്സും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തമിഴ് ഇൻഡസ്ട്രിയിലെ സമരത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. അതിനിടയിലാണ് വിജയ്യുടെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നത്. സാമി, സിങ്കം തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ഹരിക്കൊപ്പമാണ് ഇളയ ദളപതിയുടെ അടുത്ത ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. വിക്രം നായകനായ സാമിയുടെ രണ്ടാം ഭാഗം ‘സാമി സ്ക്വയർ’ ഷൂട്ടിങ്ങിന്റെ തിരക്കിലാണ് ഹരി. സൂര്യയുടെ അടുത്ത ചിത്രം ഹരി സംവിധാനം നിർവഹിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
തെരിയും മെർസലും ഒരുക്കിയ ആറ്റ്ലീക്കൊപ്പവും വിജയ് ഒരു ചിത്രം ചെയ്യുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. തീരൻ സംവിധായകൻ എച്ച് വിനോദ്, തനി ഒരുവൻ സംവിധായകൻ മോഹൻരാജാ എന്നിവരുടെ പേരുകളും അതോടൊപ്പം ഉയർന്നുവരുന്നുണ്ട്. മുരുഗദോസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം സൺ പിക്ചേഴ്സാണ്. വിജയ്യുടെ അറുപത്തിരണ്ടാമത്തെ ചിത്രമായ ഇതിൽ കീർത്തി സുരേഷ്, രാധ രവി, വരലക്ഷ്മി ശരത്കുമാർ, പാലാ കറുപ്പയ്യ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.