തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഗായിക അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകളും ബുള്ളിയിംഗും നിരീക്ഷിക്കുന്നുണ്ട്. അത്തരത്തിലുള്ള പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ടെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത സുരേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അമൃത സുരേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വെളിപ്പെടുത്തിയതോടെയാണ് അമൃത സുരേഷിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. അമൃതയുടെ മകളെയും കുടുംബത്തെയാകെയും ലക്ഷ്യംവച്ച് ആക്രമണം ശക്തമായി. ഇതോടെ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമിയും ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്നും താനും കുടുംബവും കടുത്ത മാനസിക പീഡനമാണ് അനുഭവിക്കുന്നതെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.
അടുത്തിടെയായിരുന്നു ഗോപി സുന്ദറും അമൃതയും തങ്ങള്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. വിവാഹിതനും രണ്ട് കുട്ടികളടെ പിതാവുമായ ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്മയിയുമായി ലിവിംഗ് റിലേഷനിലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അമൃതുമായി ഗോപി സുന്ദര്‍ റിലേഷനിലായത്. പ്രണയത്തിലായതിന് ശേഷമുള്ള ആദ്യ ഓണം ഇരുവരും ആഘോഷമാക്കിയിരുന്നു.