പുത്തന്‍ തലമുറയിലുള്ള മൂന്ന് കാറുകളുണ്ടെങ്കിലും എം.ജി ശ്രീകുമാറിന് പ്രിയപ്പെട്ടത് തന്റെ 99 മോഡല്‍ മാരുതി 800ആണ്. പാട്ടുപാടി കിട്ടിയ ആദ്യ സമ്പാദ്യം കൊണ്ട് സ്വന്തമാക്കിയ വാഹനം അല്പസ്വല്പം മോഡിഫൈ വരുത്തിയിരിക്കുകയാണ് താരം. കൊല്ലത്തെ എസ്എസ് ഡീറ്റെയിലിംഗ് സ്റ്റുഡിയോയിലാണ് എം.ജി ശ്രീകുമാര്‍ വാഹനം മോഡിഫൈ ചെയ്തത്. പഴയ ചുവപ്പുനിറം മാറ്റി വെള്ളയാക്കി മൊത്തത്തില്‍ മിനികുക്കിയെടുത്ത വാഹനം ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പഴയതെന്ന് പറയില്ല.
ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ പാടാന്‍ എം.ജി ശ്രീകുമാര്‍ സ്റ്റുഡിയോയിലേക്ക് ഓടിച്ചുപോയ വാഹനമാണ് ഈ മാരുതി 800. മോഹന്‍ലാല്‍, പ്രിയദര്ശന്, രവീന്ദ്രന് മാഷ്, ജോണ്സണ്, ഓസേപ്പച്ചന്‍ തുടങ്ങി നിരവധി പ്രതിഭകള്‍ ഈ വാഹനത്തില്‍ കയറിയിട്ടുണ്ട്. നരസിംഹം, വല്യേട്ടന് തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് പാടാന്‍ പോയത് ഈ കാറിലാണ്. ഫ്ളാറ്റില്‍ നിന്ന് സ്റ്റുഡിയോയിലേക്കും തിരിച്ചും പോകാനാണ് കാര്‍ അധികവും ഉപയോഗിച്ചതെന്ന് എം.ജി ശ്രീകുമാര്‍ ഓര്‍ക്കുന്നു.
1999ല്‍ ഒരു ലക്ഷം രൂപ നല്‍കിയാണ് കാറ് വാങ്ങിയതെന്ന് എം.ജി ശ്രീകുമാര്‍ പറയുന്നു. ആകെ ദൂരയോട്ടം പോയത് തിരുപ്പതിയിലും പുട്ടപര്ത്തിയിലുമാണ്. 23 വര്‍ഷത്തിനുള്ളില്‍ 28,000 കിലോമീറ്റര്‍ ദൂരമാണ് ഈ കാറില്‍ സഞ്ചരിച്ചത്. ടയര്‍ മാറ്റേണ്ടി വന്നിട്ടില്ല. ഒരു സൈക്കിളില്പ്പോവും വാഹനം ഉരസിയിട്ടില്ലെന്നും എം.ജി ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.