പിന്നണി ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിന് ആണ് വരന്. നാളെ രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം. മസ്ക്കറ്റിലെ സ്കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച്.ആര് മാനേജറാണ് പത്തനംതിട്ട സ്വദേശിയായ ജെറിന്.
2004 ല്‍ മോഹന്‍ലാല്‍ നായകനായി എത്തിയ വാമനപുരം ബസ്റൂട്ട് എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് മഞ്ജരി സിനിമാ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് അച്ചുവിന്റെ അമ്മ ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനം ആലപിച്ച് ശ്രദ്ധനേടി. രമേഷ് നാരായണന്, ഇളയരാജ, എം.ജി. രാധാകൃഷ്ണന്, കൈതപ്രം വിശ്വനാഥന്, വിദ്യാസാഗര്‍, എം. ജയചന്ദ്രന്, ഔസേപ്പച്ചന്, മോഹന്‍ സിത്താര, പരേതരായ രവീന്ദ്രന് മാസ്റ്റര്‍, ജോണ്സണ് മാസ്റ്റര്‍ തുടങ്ങി പ്രശസ്തരായ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മഞ്ജരിക്ക് കഴിഞ്ഞു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ഗാനങ്ങള്‍ മഞ്ജരി ആലപിച്ചു. ആല്‍ബം ഗാനങ്ങള്‍ കൂടി ചേര്‍ത്ത് അഞ്ഞൂറിലധികം ഗാനങ്ങളാണ് മഞ്ജരി ആലപിച്ചത്. 2004 മുതല്‍, ‘സൂര്യ’യുടെ ബാനറില്‍ മഞ്ജരി ഇന്ത്യയിലും ലോകമെമ്പാടും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി ക്ലാസിക്കള്‍ പാടുമ്പോള്‍ തന്നെ മികച്ച ഗസല്‍ ഗായിക എന്ന നിലയിലും മഞ്ജരി ജനശ്രദ്ധ നേടി. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ മഞ്ജരിയെ തേടിയെത്തി.