ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന് ആണ് വരന്. തിരുവനന്തപുരത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
നടന് സുരേഷ് ഗോപി, ഭാര്യ രാധിക, ഗായകന് ജി വേണുഗോപാല്‍, നടി പ്രിയങ്ക, നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ശിവ ഉള്‍പ്പെടെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വളരെ കുറച്ച് പേര് മാത്രമാണ് ചടങ്ങിന് ക്ഷണമുണ്ടായത്.
View this post on Instagram
View this post on Instagram
ഇന്നലെയാണ് മഞ്ജരി വിവാഹിതയാകുന്നുവെന്നുള്ള വാര്‍ത്ത പുറത്തറിയുന്നത്. മഞ്ജരി തന്നെയാണ് ഈ വിവരം അറിയിച്ചത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു മെഹന്ദി വിഡിയോ പങ്കുവച്ചിരുന്നു. നിരവധി പേരാണ് മഞ്ജരിക്ക് വിവാഹാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. മഞ്ജരിയുടെ കുട്ടിക്കാലം മസ്കറ്റിലായിരുന്നു. അവിടെ ഒരേ ക്ലാസിലായിരുന്നു മഞ്ജരിയും ജെറിനും പഠിച്ചത്. അന്ന് തുടങ്ങിയ സൗഹൃദം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു.
2004 ല്‍ മോഹന്‍ലാല്‍ നായകനായി എത്തിയ വാമനപുരം ബസ്റൂട്ട് എന്ന ചിത്രത്തില്‍ പിന്നണി പാടിയാണ് മഞ്ജരി സിനിമാ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് അച്ചുവിന്റെ അമ്മ ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനം ആലപിച്ച് ശ്രദ്ധനേടി. രമേഷ് നാരായണന്, ഇളയരാജ, എം.ജി. രാധാകൃഷ്ണന്, കൈതപ്രം വിശ്വനാഥന്, വിദ്യാസാഗര്‍, എം. ജയചന്ദ്രന്, ഔസേപ്പച്ചന്, മോഹന്‍ സിത്താര, പരേതരായ രവീന്ദ്രന് മാസ്റ്റര്‍, ജോണ്സണ് മാസ്റ്റര്‍ തുടങ്ങി പ്രശസ്തരായ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മഞ്ജരിക്ക് കഴിഞ്ഞു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ഗാനങ്ങള്‍ മഞ്ജരി ആലപിച്ചു. ആല്‍ബം ഗാനങ്ങള്‍ കൂടി ചേര്‍ത്ത് അഞ്ഞൂറിലധികം ഗാനങ്ങളാണ് മഞ്ജരി ആലപിച്ചത്. 2004 മുതല്‍, ‘സൂര്യ’യുടെ ബാനറില്‍ മഞ്ജരി ഇന്ത്യയിലും ലോകമെമ്പാടും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി ക്ലാസിക്കള്‍ പാടുമ്പോള്‍ തന്നെ മികച്ച ഗസല്‍ ഗായിക എന്ന നിലയിലും മഞ്ജരി ജനശ്രദ്ധ നേടി. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ മഞ്ജരിക്ക് ലഭിച്ചിട്ടുണ്ട്.