ഓൺലൈൻ മാധ്യമങ്ങളിൽ തന്നെക്കുറിച്ച് ഇല്ലാത്തതും മോശവുമായ വാർത്തകൾ വരുന്നതിന് എതിരെ ഗായിക രഞ്ജിനി ജോസ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് മഞ്ഞപ്പത്രങ്ങൾക്ക് എതിരെ കടുത്ത പ്രതികരണവുമായി രഞ്ജിനി എത്തിയത്. സ്വകാര്യജീവിതം ഒരിക്കലും പൊതുസമൂഹത്തിന് മുന്നിൽ ഇതുവരെ പറഞ്ഞിട്ടില്ലെന്നും പരിപാടികളിൽ വൈകിയെത്തുകയോ ചെന്ന് പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു. വായിക്കുന്നവർക്ക് ഇത് ഭയങ്കര രസമാണ്. സെലിബ്രിറ്റികളെക്കുറിച്ച് എന്തെങ്കിലും വൃത്തിക്കേട് എഴുതുന്നത് മഞ്ഞപ്പത്രക്കാർക്കും അത് വായിക്കുന്നർക്കും രസമാണ്. കുറച്ചു മാസങ്ങളായി തന്നെ ടാർഗറ്റ് ചെയ്ത് നിരന്തരം ഇത്തരം മോശം വാർത്തകൾ ഉണ്ടാകുന്നു എന്നുമാണ് രഞ്ജിനി പറയുന്നത്.
സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് ആവശ്യമില്ലാത്ത, മോശമായ തലക്കെട്ടുകൾ നൽകി മഞ്ഞപത്രങ്ങൾ വാർത്തകൾ നൽകുന്നുവെന്നും രഞ്ജിനി കൂട്ടിച്ചേർക്കുന്നു. ഇത്തരം കാര്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ വേണമെന്നും നിയമങ്ങൾ വരണമെന്നും തന്റെ വീഡിയോയ്ക്ക് മോശം കമന്റ് എഴുതാൻ ഉദ്ദേശിക്കുന്നവർ രണ്ടു തവണ ആലോചിച്ച് അത് ചെയ്യണമെന്നും അല്ലെങ്കിൽ ഉറപ്പായും അതിനെതിരെ നടപടിയുമായി മുന്നോട്ട് പോകുമെന്നും രഞ്ജിനി പറഞ്ഞു.
എല്ലാത്തിന്റെയും അടിസ്ഥാനം വൃത്തികേട് ആണോയെന്നും നിങ്ങള്ക്കും സുഹൃത്തുക്കളും സഹോദരങ്ങളുമില്ലേയെന്നും രഞ്ജിനി ചോദിക്കുന്നു. കാണുന്നതെല്ലാം വൃത്തികെട്ട രീതിയിൽ ചിത്രീകരിക്കുന്നത് എന്തിനാണ്. എല്ലാത്തിനും ഒരു പരിധി ഇല്ലേ. ഇത്രയും ഇടുങ്ങിയ ചിന്താഗതിയിലാണോ മഞ്ഞപത്രത്തിലുള്ളവർ ജീവിക്കുന്നതെന്നും താരം ചോദിക്കുന്നു. പലരും മിണ്ടാതെ ഇരിക്കുന്നത് കൂടുതൽ പ്രശ്നമാക്കേണ്ട എന്ന് കരുതിയാണെന്നും ഇത്രയും വൃത്തിക്കേടുകൾ എഴുതുന്നതിനേക്കാൾ വലുതല്ല താൻ ഇതിനോട് പ്രതികരിക്കുന്നതെന്നും രഞ്ജിനി പറഞ്ഞു. നിരവധി താരങ്ങളാണ് രഞ്ജിനിക്ക് പിന്തുണയുമായി കമന്റ് ബോക്സിൽ എത്തിയത്. സിതാര കൃഷ്ണകുമാർ, മധു വാര്യർ, ജ്യോത്സന രാധാകൃഷ്ണൻ, ആര്യ ബഡായി തുടങ്ങി നിരവധി താരങ്ങൾ രഞ്ജിനിക്ക് പിന്തുണയും സ്നേഹവും അറിയിച്ച് കമന്റ് ബോക്സിൽ എത്തി.
View this post on Instagram