പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കോളജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന്റെ പ്രവർത്തി ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന് പറഞ്ഞതിനെ തുടര്‍ന്ന് തന്നെ ഒഴിവാക്കാന്‍ സംഘാടകര്‍ ശ്രമിച്ചുവെന്ന് വേദിയിലെത്തി പ്രതിഷേധിച്ച ബിനീഷ് പറഞ്ഞു. ബിനീഷിന്റെ പ്രതിഷേധ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നു. മാഗസിന് പ്രസിദ്ധീകരണത്തിനാണ് അനിലിനെ വിളിച്ചിരുന്നത്. ചീഫ് ഗസ്റ്റായിട്ടാണ് ബിനീഷിനെ വിളിച്ചിരുന്നത്. വിവാദം ആളിക്കത്തി നിൽക്കേ സിനിമയിൽ ആളുകൾക്ക് ഉള്ള രണ്ടു തരം നിലയെ കുറിച്ച് സിനിമ – നാടക പ്രവർത്തകനായ ശിവകുമാർ കാങ്കോൽ കുറിച്ച വാക്കുകൾ വൈറലായിരിക്കുകയാണ്.
ബോൾഡായ മനുഷ്യന്മാരെ കണ്ടിട്ടില്ലാത്തതിന്റെ കുഴപ്പമാണ് മേൻന്…, ഇരിക്കാൻ പറഞ്ഞാൽ കുനിയുന്ന സിനിമാ അവസര വാദികളെയും കഞ്ഞി മേനോൻമാരെയും മാത്രം കണ്ടു ശീലിച്ചതിന്റെ കുഴപ്പം. സിനിമയിൽ രണ്ടു തരം നിലയാണ് ആളുകൾക്ക്. തന്നെക്കാൾ വലിയവന്റെ മുൻപിൽ കുനിഞ്ഞ് വാലാട്ടിയും, തന്നെക്കാൾ ചെറിയവന്റെ മുൻപിൽ ഇരുന്ന് കാലാട്ടിയും.. വിജയം മാത്രമാണ് അവിടെ മാനദണ്ഡം.വിജയിച്ചവനെ മാത്രമേ സിനിമാലോകം സ്നേഹിക്കുകയും ബഹുമാനിക്കുകയുമുള്ളൂ..
ഈ മേനോനൊക്കെ താരങ്ങളുടെ മുൻപിൽ ഒരുപാട് വാലാട്ടി നിന്ന് ഡേറ്റ് വാങ്ങിയാണ് ഈ സംവിധാനപ്പട്ടത്തിലെത്തിയിട്ടുണ്ടാവുക. അപ്പോളവന് തന്നെ ബഹുമാനിക്കാനും കുറച്ച് ആൾക്കാർ വേണം അതാണ്… വിനായകനും ബാസ്റ്റിനുമൊന്നും കയറി വന്ന വഴി അവന് മനസിലാവില്ല, വിജയിച്ചു കഴിഞ്ഞാൽ ഇതേ ബാസ്റ്റിന്റെ വീടിന്റെ മുൻപിലും ഡേറ്റിനായി കുനിഞ്ഞു നിൽക്കും ഈ മേനോൻ… അത്രേയുള്ളൂ.. അതു മനസിലാവാൻ വിനായകന്റെ വീടിനു മുൻപിലെ ഇപ്പോഴത്തെ ക്യൂ കണ്ടാൽ മാത്രം മതിയാവും…