റിലീസ് ദിനത്തിൽ തന്നെ പ്രേക്ഷകരുടെ മികച്ച അഭിപ്രായം സ്വന്തമാക്കിയ ആർ ഡി എക്സ് രണ്ടാം വാരത്തിലേക്ക്. ഓണം അവധി ദിവസങ്ങളിൽ ആർ ഡി എക്സ് തിയറ്ററുകൾ കീഴടക്കി. ഒന്നാം വാരം കഴിയുമ്പോഴേക്കും ചിത്രത്തിന് കൂടുതൽ സ്ക്രീനുകൾ കൂടി ലഭിച്ചിരിക്കുകയാണ്. ആദ്യ വാരാന്ത്യത്തിന് ശേഷം പല തിയറ്റർ കോംപ്ലക്സുകളിലും ചിത്രം വലിയ സ്ക്രീനിലേക്ക് മാറ്റപ്പെട്ടു. റിലീസ് ആയ ദിവസം മുതൽ മിക്കയിടങ്ങളിലും രാത്രികളിൽ അധികഷോകൾ ഉൾപ്പെടെയാണ് കളിച്ചത്. തിരുവോണത്തിന്റെ പിറ്റേദിവസം മാത്രം കേരളത്തിൽ നിന്ന് ആർ ഡി എക്സിന് ലഭിച്ച കളക്ഷൻ നാല് കോടി രൂപയാണ്.
ഓഗസ്റ്റ് 25നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത അന്നുമുതൽ കേരളത്തിലെ ആറ് ദിവസത്തെ കളക്ഷന്‍ പരിഗണിച്ചാല്‍ ചിത്രം 18 കോടി നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ പറയുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ആകെ കണക്കുകള്‍ പരിഗണിച്ചാല്‍ 30 കോടിയിലേക്ക് വൈകാതെ ചിത്രമെത്തുമെന്നും അവര്‍ പറയുന്നു. എന്നാൽ, മലയാളത്തിൽ നിന്നുള്ള അടുത്ത 50 കോടി പടമാകാനുള്ള എല്ലാ സാധ്യതകളും ആർ ഡി എക്സ് പ്രദർശിപ്പിക്കുന്നുണ്ടെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തിയത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.