മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെ കാണാൻ ടർബോ ലൊക്കേഷനിൽ എത്തി തമിഴ് താരങ്ങളായ എസ് ജെ സൂര്യയും രാഘവ ലോറൻസും. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗർത്തണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിൻ്റെ പ്രചരണാർത്ഥമാണ് സൂര്യയും രാഘവ ലോറൻസും കേരളത്തിൽ എത്തിയത്. മമ്മൂക്കയെ കാണാൻ ഇരുവരും ടർബോ ലൊക്കേഷനിൽ എത്തിയതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സംവിധായകൻ വൈശാഖും മമ്മൂക്കയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലിലൂടെയാണ് മമ്മൂട്ടിയെ കാണാൻ എസ് ജെ സൂര്യയും രാഘവ ലോറൻസും എത്തിയതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ടർബോ ലൊക്കേഷനിൽ തമിഴ് താരങ്ങൾ എത്തിയത് ആരാധകരെയും സംശയത്തിലാഴ്ത്തി. മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ ഇവരും അഭിനയിക്കുന്നുണ്ടോ എന്നാണ് ആരാധകരുടെ സംശയം. മമ്മൂട്ടിയുമായി വളരെ നേരം സംസാരിച്ചിരുന്നതിന് ശേഷമാണ് ഇരു താരങ്ങളും യാത്ര പറഞ്ഞത്. ആശംസകൾ നേർന്ന് ഇരുവരെയും മമ്മൂട്ടി യാത്രയാക്കുന്നതും വീഡിയോയിൽ കാണാം. വളരെ ആവേശത്തോടെയാണ് വീഡിയോ ആരാധകർ ഏറ്റെടുത്തത്.
അതേസമയം, മമ്മൂട്ടി നായകനായി എത്തുന്ന വൈശാഖ് ചിത്രം ടർബോയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിനായുള്ള മമ്മൂട്ടിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നൂറ് ദിവസത്തോളമാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് നീണ്ടു നിൽക്കുന്നത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.