ആരാധകർ ആവേശത്തോടെ കാത്തിരുന്ന സി ബി ഐ സീരീസിലെ അഞ്ചാമത്തെ ചിത്രമായ ‘സി ബി ഐ 5 ദ ബ്രയിൻ’ മെയ് ആദ്യമാണ് തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രം റിലീസ് ചെയ്തതു മുതൽ സമ്മിശ്രമായ നിരവധി അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. കാലത്തിന് അനുസൃതമായ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറല്ല ചിത്രമെന്നാണ് ചിത്രത്തിന് എതിരെ ഉയരുന്ന പ്രധാന വിമർശനം. കെ മധു – മമ്മൂട്ടി – എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സിനിമാചരിത്രത്തിൽ തന്നെ സ്വന്തമായി ഒരു ഇടം നേടിയെടുത്തിരിക്കുകയാണ്. കാരണം ഒരേ കൂട്ടുകെട്ടിൽ ചിത്രത്തിന്റെ അഞ്ചാം ഭാഗവും എത്തുന്നത് ലോക സിനിമ ചരിത്രത്തിൽ തന്നെ അപൂർവമാണ്.
അതേസമയം, സിനിമയ്ക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ് എൻ സ്വാമി. ചിത്രത്തെക്കുറിച്ച് 75 ശതമാനം ആളുകളും വളരെ നല്ല അഭിപ്രായവും 25 ശതമാനം സമ്മിശ്ര പ്രതികരണവുമാണ് ലഭിക്കുന്നതെന്ന് ഒരു അഭിമുഖത്തിൽ എസ് എൻ സ്വാമി വ്യക്തമാക്കി. ഏത് സിനിമയായാലും അങ്ങനെയുണ്ടാകുമെന്നും റെസ്പോൺസ് നോക്കുമ്പോൾ മിക്സഡിനേക്കാളും മെച്ചപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
‘കാലഘട്ടത്തിന്റെ വ്യത്യാസമുണ്ടാകും. ന്യൂ ജനറേഷൻ ഉദ്ദേശിക്കുന്ന പോലെയാകണം എന്നില്ല. അതേസമയം, അൽപം മെച്വേർഡ് ആയവർക്ക് പക്വതയുള്ളവർക്ക് സിനിമ വളരെ ഇഷ്ടപ്പെടും. ഒരു സി ബി ഐ സിനിമകൾക്കും കാണാത്ത അത്ര സ്ത്രീകളുടെ തിരക്കാണ്. തിയറ്ററിൽ ഇതുകണ്ട് ഭയങ്കര അത്ഭുതമാണ്.’ – തനിക്ക് അങ്ങനെ യാതൊരു കാൽക്കുലേഷനും ഇല്ലായിരുന്നെന്നും എന്തുകൊണ്ടാണ് ഇങ്ങനെ വന്നതെന്ന് ചോദിച്ചാൽ തനിക്കറിയില്ലെന്നും എസ് എൻ സ്വാമി വ്യക്തമാക്കി.