അജിത്ത് നായകനാകുന്ന തുനിവ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മലയാളി താരം മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്ഷന്‍ സീക്വന്‍സുകള്‍ മഞ്ജു വാര്യര്‍ ചിത്രത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും. മഞ്ജുവിന്റെ സ്ക്രീന്‍ പ്രസന്‍സും ആക്ഷന്‍ സീക്വന്‍സുകളും ഗംഭീരമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
തല ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു തുനിവ്. ഒരു കൊള്ളസംഘം നഗരമധ്യത്തിലെ ഒരു പ്രബല ബാങ്ക് കൊള്ളയടിച്ച് 500 കോടി തട്ടാന്‍ പദ്ധതിയിടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. പക്ഷെ ബാങ്ക് ആക്രമിച്ച അവരെ കാത്തിരിക്കുന്നത് മറ്റ് ചിലതായിരുന്നു. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേര്‍ക്കൊണ്ട പാര്‍വൈ, വാലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കണ്മണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കോക്കെന്, തെലുങ്ക് താരം അജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിജയ് വേലുക്കുട്ടി എഡിറ്റിംഗും സുപ്രീം സുന്ദര്‍ സ്റ്റണ്ടും കൈകാര്യം ചെയ്തിരിക്കുന്നു.