ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞ ദിവസമായിരുന്നു നിശാഗന്ധിയിൽ തിരി തെളിഞ്ഞത്. ചടങ്ങിൽ ഏറ്റവും അധികം ആകർഷകമായത് സർപ്രൈസ് അതിഥി ആയി എത്തിയ നടി ഭാവന ആയിരുന്നു. ഉദ്ഘാടന ചടങ്ങിൽ ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് ആയിരുന്നു. ‘പോരാട്ടത്തിന്റെ പെൺപ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു’ എന്ന് പറഞ്ഞായിരുന്നു ഭാവനയെ രഞ്ജിത്ത് വേദിയിലേക്ക് ക്ഷണിച്ചത്.
എന്നാൽ, ദിലീപിനെ ജയിലിൽ എത്തി സന്ദർശിച്ച ആൾ തന്നെ അതിജീവിതയെ വേദിയിലേക്ക് ക്ഷണിച്ചതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ നിറയെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഇതേ സംഭവവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കാണാനായി ആലുവ സെന്റർ ജയിലിൽ എത്തിയ സംവിധായകൻ രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രം ഉൾപ്പെടെയുള്ള പോസ്റ്റ് ആണ് താരം പങ്കുവെച്ചത്. പോസ്റ്റിന് മിതോഷ് പൊന്നാനി, സന്തോഷ് ചേകവർ എന്നിവർ നൽകിയ കമന്റുകൾ ചേർത്താണ് പോസ്റ്റ്. ‘ആഹാ ഇരയ്ക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥാകൃത്ത്’ എന്ന കമന്റ് അടങ്ങിയ സ്ക്രീൻഷോട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന, ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ് പ്രതീകമായ ഭാവനയെ സ്നേഹാദ്രമായി ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു,’ എന്നായിരുന്നു ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് രഞ്ജിത്ത് പറഞ്ഞത്. ബീനാ പോളിന് ഒപ്പമാണ് ഭാവന സദസില്‍ എത്തിയത്. കെ എസ് എഫ് ഡി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ ഷാജി എന്‍ കരുൺ ആണ് ഭാവനയ്ക്ക് പൂക്കള്‍ നല്കി സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ആണ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തത്. മലയാളത്തിൽ ഭാവനയെ നായികയാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചലച്ചിത്രമേളയിൽ താരത്തിന്റെ സർപ്രൈസ് വരവ് ഉണ്ടായത്.