റോഷാക്കിന്റെ വിജയാഘോഷത്തിനിടെ മമ്മൂട്ടി ആസിഫ് അലിക്ക് നല്കിയ സമ്മാനം ഒരു റോളക്സ് വാച്ചായിരുന്നു. ഇത് സോഷ്യല്‍ മീഡിയ അടക്കം ഏറ്റെടുത്തു. ഇപ്പോഴിതാ ആ വാച്ചിന്റെ വിലയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വാച്ചിന്റെ ഓണ്‍ലൈന്‍ വില പത്ത് ലക്ഷത്തിനടുത്താണ്. മാര്‍ക്കറ്റ് വിലയാകട്ടെ പതിനൊന്ന് ലക്ഷവും.
വിജയാഘോഷ ചടങ്ങുകള്‍ക്ക് പിന്നാലെ വാച്ചിന്റെ ചിത്രങ്ങള്‍ ആസിഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ആസിഫിന് ലഭിച്ചത് റോളക്സിന്റെ ഡീപ് സീ ഡ്വെല്ലെര്‍ മോഡലില്‍പെട്ട വാച്ചാണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. 43 എം.എം ഓട്ടാമോറ്റിക് വാച്ചായ ഇത് പൂര്‍ണമായും വാട്ടര്‍ റെസിസ്റ്റാണ്.
വിക്രം സിനിമയുടെ വിജയത്തെ തുടര്‍ന്ന് കമല്ഹാസന് സൂര്യയ്ക്ക് റോളക്സ് വാച്ച് നല്കിയ വാര്‍ത്ത കണ്ടിരുന്നു എന്ന് പറഞ്ഞാണ് ആസിഫ് അലിക്ക് സമ്മാനമായി വാച്ച് നല്‍കുമെന്ന സൂചന മമ്മൂട്ടി നല്‍കിയത്. ആ പടത്തിന് അഞ്ഞൂറ് കോടിയാണ് കളക്ഷന്‍ കിട്ടിയത്. അതില്‍ നിന്ന് പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് മേടിച്ചു കൊടുത്തു, ആസിഫ് തന്നോട് ചോദിച്ചത് ഒരു റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്നാണ്. മമ്മൂട്ടി ഈ ഡയലോഗ് പറഞ്ഞ ശേഷം വേദിയിലേക്ക് റോളക്സ് വാച്ച് എത്തിക്കുകയായിരുന്നു. ആസിഫിന് തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ സമ്മാനം.
നേരത്തേ റോഷാക്കിലെ ആസിഫലിയുടെ പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. നെഗറ്റീവ് ഷെയ്ഡുള്ള ആസിഫ് അലി കഥാപാത്രം മുഖം മറച്ചാണ് പ്രത്യക്ഷപ്പെട്ടത്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്ത് മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിച്ച ആളെ മുഖംകൊണ്ട് അഭിനയിച്ചവരേക്കാള്‍ റെസ്പക്ട് നല്‍കണം എന്നായിരുന്നു ആസിഫിനെ പ്രശംസിച്ച് മമ്മൂട്ടി പറഞ്ഞത്.