വീട്ടില്‍ കയറി ഒരു കൂട്ടം ആളുകള്‍ അക്രമം നടത്താന്‍ ശ്രമിച്ചുവെന്ന് നടന് ബാല. അക്രമികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം തന്റെ കൈവശമുണ്ട്. രണ്ട് ദിവസം മുന്‍പ് ഇതേ അക്രമികള്‍ താനും എലിസബത്തും നടക്കാനിറങ്ങിയപ്പോള്‍ കാലില്‍ വീണിരുന്നുവെന്നും ബാല പറഞ്ഞു.
കഴിഞ്ഞ ദിവസം താന്‍ കോട്ടയത്ത് ഒരു പരിപാടിക്ക് പോയിരുന്നു. അപ്പോള്‍ അക്രമികള്‍ താനില്ലെന്ന് അറിഞ്ഞ് വന്ന് വീട്ടില്‍ ഗുണ്ടായിസം കാണിച്ചു. തന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചു. കത്തികാണിച്ചായിരുന്നു അക്രമ ശ്രമം. അവര്‍ നാവില്‍ സ്റ്റാമ്പ് വച്ചിരുന്നു. അത് അടിച്ച് കഴിഞ്ഞാല്‍ പിന്നെ ഫുള്‍ ബോധമുണ്ടാകില്ലല്ലോ. തന്നെ കൊല്ലണമെന്നു പറഞ്ഞാണ് അവര്‍ വന്നത്. താനെന്ത് പാപമാണ് ചെയ്തത്. ചിലപ്പോള്‍ ക്വട്ടേഷന്‍ ആകാം. അങ്ങനെയാണെങ്കില്‍ രണ്ട് പേരെ വിട്ട് തന്നെ നാണംകെടുത്തരുതെന്നും മുപ്പത്, നാല്പത് പേരെ വിടണമെന്നും ബാല പറഞ്ഞു.
ആണുങ്ങളില്ലാത്ത സമയത്ത് വീട്ടില്‍ വന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നതാണോ ആണത്തമെന്നും ബാല ചോദിക്കുന്നു. അവള്‍ക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ. എലിസബത്തിന് ഇപ്പോള്‍ ഇവിടെ നില്ക്കാന് തന്നെ പേടിയാണെന്നും ജീവിതത്തില്‍ അവള് ഇതൊന്നും കണ്ടിട്ടില്ലെന്നും ബാല പറഞ്ഞു.