മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. കൊവിഡ് മഹാമാരിക്ക് പിന്നാലെ തീയറ്ററുകള്‍ ഇളക്കിമറിക്കാന്‍ ഭീഷ്മപര്‍വ്വത്തിനായി. വന്‍താരനിര അണിനിരന്ന ചിത്രത്തിന്റെ തിരക്കഥ അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
ചിത്രത്തിലെ പറുദീസാ, രതിപുഷ്പം, ആകാശം പോലെ എന്നീ ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതില്‍ തന്നെ പറുദീസ, രതിപുഷ്പം എന്നീ ഗാനങ്ങളുടെ വീഡിയോയും ഇതിലെ തീം സോങ്ങിന്റെ ലിറിക്കല്‍ വിഡിയോയും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന, ആകാശം പോലെ എന്ന ഗാനത്തിന്റെ വിഡിയോ കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിച്ചു.
മനോഹരമായ ഈ മെലഡിക്ക് വരികള്‍ രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹംസിക അയ്യര്‍, കപില്‍ കപിലന് എന്നിവര്‍ ചേര്‍ന്നുമാണ്. സുഷിന് ശ്യാം ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്. ശ്രീനാഥ് ഭാസി, അനഘ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് ഈ ഗാനത്തിലൂടെ എടുത്തു കാണിച്ചിരിക്കുന്നത്.