പേരിൽ തന്നെ ഒളിച്ചിരിക്കുന്ന ഒരു കൗതുകവും കൗശലതയുമാണ് സൂത്രക്കാരൻ എന്ന ചിത്രത്തെ വേറിട്ടതാക്കുന്നത്. അതോടൊപ്പം തന്നെ താരപുത്രന്മാരുടെ നായകവേഷങ്ങൾ കൂടിയായപ്പോൾ പ്രേക്ഷകർക്ക് അനിൽ രാജ് ഒരുക്കിയ സൂത്രക്കാരനെ ഏറെ ഇഷ്ടപ്പെട്ടു. ഗോകുൽ സുരേഷ്, നിരഞ്ജ് എന്നിവർ ഒന്നിച്ചപ്പോൾ താരപുത്രന്മാരുടെ ഒരു സംഗമത്തിന് കൂടി ചിത്രം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. അച്ഛൻ ബാലചന്ദ്രന്റെ മരണത്തെ തുടർന്ന് നാട്ടിലെത്തിയ അശ്വതി എന്ന പെൺകുട്ടിയെ അച്ഛന്റെ ബിസിനസ് പങ്കാളിയായ പ്രഭാകരനും ഭാര്യയും സ്വന്തം മകളെ പോലെ കരുതുന്നു. പ്രഭാകരന്റെ മകൻ ശ്രീജിത്തും മറ്റൊരു ബിസിനസ് പങ്കാളിയായ ശ്രീധരന്റെ മകൻ ഗോവിന്ദനും അശ്വതിയുടെ ഇഷ്ടം പിടിച്ചു പറ്റുവാൻ പല വഴികളും നോക്കുന്നു. രസകരമായ ഒരു പ്രണയകഥയെ ചില കൊലപാതകങ്ങളുടെ ചുരുളഴിക്കുവാനുള്ള ശ്രമങ്ങളുടെ ഒരു ത്രില്ലിംഗ് അനുഭവത്തോട് കൂടി ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ് സൂത്രക്കാരനിൽ.
കട്ട മാസ്സ് ലുക്കും ഫൈറ്റും എല്ലാമായി മഠത്തിൽ അരവിന്ദൻ എന്ന കഥാപാത്രത്തെ മനോഹരമാക്കുന്നതിൽ ഗോകുൽ സുരേഷ് ഏറെ വിജയം കുറിച്ചിട്ടുണ്ട്. നിരഞ്ജിന് സ്ക്രീൻ സ്പേസ് കുറവാണെങ്കിൽ പോലും തന്റെ റോൾ അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്. വർഷയും തന്റെ നായികാവേഷം ഏറെ പ്രിയപ്പെട്ടതാക്കി. ലാലു അലക്സ്, ഷമ്മി തിലകൻ, പദ്മരാജ്, വിജയരാഘവൻ എന്നിങ്ങനെ ഓരോരുത്തരും അവരുടെ ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. ഗാനങ്ങളും മനോഹരമായ ക്യാമറ വർക്കും സൂത്രക്കാരനെ ഏറെ സഹായിച്ചിട്ടുണ്ട്. പ്രണയത്തോടൊപ്പം മികച്ചൊരു ത്രില്ലർ കൂടി കൊതിക്കുന്നവർക്ക് നല്ലൊരു ചോയ്സ് തന്നെയാണ് സൂത്രക്കാരൻ.