സിനിമ റിലീസ് ആകുന്നതിനു മുമ്പേ തന്നെ യുവഹൃദയങ്ങൾ നെഞ്ചിലേറ്റിയ പാട്ടായിരുന്നു ഭീഷ്മ പർവം സിനിമയിലെ ‘രതിപുഷ്പം’ എന്ന ഗാനം. നടനും നർത്തകനുമായ റംസാനും ഷൈൻ ടോം ചാക്കോയും ആണ് ഈ പാട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ, സ്ക്രീനിന് പുറത്ത് ഈ ഗാനത്തിന് ചുവടുവെച്ച് എത്തിയിരിക്കുകയാണ് റംസാനൊപ്പം സൗബിൻ ഷാഹിറും സംഗീത സംവിധായകൻ സുഷിൻ ശ്യാമും. ഷൈൻ ടോം ചാക്കോയാണ് ആറ് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ‘രതിപുഷ്പം’ എന്ന് കുറിച്ചാണ് പാട്ട് പങ്കു വെച്ചിരിക്കുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/Rathipushpama-featured.jpg?resize=788%2C443&ssl=1)
സിനിമ റിലീസ് ആകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പങ്കുവെച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ആണ് സംഗീതം നൽകിയിരിക്കുന്നത്. ഉണ്ണി മേനോൻ ആലപിച്ച ഈ ഗാനം ഇതിനകം സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഒന്നര മില്യണിന് അടുത്ത് ആളുകളാണ് ഇതുവരെ ഈ ഗാനം കണ്ടു കഴിഞ്ഞിരിക്കുന്നത്.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2022/03/bheeshma-sushin-shyam.jpg?resize=720%2C720&ssl=1)
മാർച്ച് മൂന്നിനാണ് ഭീഷ്മ പർവം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ബിഗ് ബി എന്ന ചിത്രത്തിലാണ് ഇതിനു മുമ്പ് അമൽ നീരദും മമ്മൂട്ടിയും ഒരുമിച്ചത്. നീണ്ട പതിനാലു വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അമൽ നീരദും നവാഗതനായ ദേവദത്ത് ഷാജിയും ചേർന്നാണ് ഇതിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രയിലറും ഗാനങ്ങളും എല്ലാം ചിത്രം റിലീസ് ആകുന്നതിനു മുന്നേ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു.