മലയാള ചലച്ചിത്രലോകം കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഗോഡ്ഫാദർ. സിദ്ദിഖ് – ലാൽ കൂട്ടുകെട്ട് ഒരുക്കിയ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. വലിയ താരനിര അണിനിരന്ന ചിത്രത്തിൽ എൻ എൻ പിള്ള, ഫിലോമിന, തിലകൻ, ഇന്നസെന്റ്, ഭീമൻ രഘു, ജഗദീഷ്, മുകേഷ്, സിദ്ദിഖ്, കനക, കെ പി എ സി ലളിത, എന്നിങ്ങനെ നിരവധി പേർ ഉണ്ടായിരുന്നു. യുവനടൻ സൗബിൻ ഷാഹിറിന്റെ പിതാവ് ബാബു ഷാഹിർ ഗോഡ്ഫാദർ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ ആയിരുന്നു. വൻ വിജയമായി തീർന്ന ആ സിനിമ തന്റെ ജീവിതം എങ്ങനെ മാറ്റിമറിച്ചുവെന്ന് പറയുകയാണ് ബാബു ഷാഹിർ.
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ വിജയം സ്വന്തമായി കുറച്ച് ഭൂമി വാങ്ങുന്നതിലേക്ക് എത്തിച്ചുവെന്നും ജീവുതത്തിൽ അത് വലിയ മാറ്റമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അന്ന് വർക് ചെയ്യുന്ന സിനിമകൾ സൂപ്പർ ഹിറ്റ് ആകുകയാണെങ്കിൽ സംവിധായകർ കൂടുതൽ പണം തരാറുണ്ടെന്നും ബാബു ഷാഹിർ പറഞ്ഞു. സിനിമ റിലീസ് ചെയ്തു കഴിഞ്ഞ് സൂപ്പർ ഹിറ്റ് ആയാൽ സിദ്ദിഖ് ലാലും ഫാസിൽ സാറുമൊക്കെ വിളിച്ചിട്ട് കുറച്ച് കൂടുതൽ പണം തരും. ചിലപ്പോൾ രണ്ടു ലക്ഷമൊക്കെ കിട്ടും. അന്നത്തെ കാലത്ത് രണ്ടു ലക്ഷമെന്നൊക്കെ പറഞ്ഞാൽ വലിയ തുകയാണ്. ജോലി ചെയ്യുന്ന സമയത്ത് 50000 രൂപയൊക്കെ ആയിരിക്കും കിട്ടുന്നത്. ഗോഡ്ഫാദർ ഹിറ്റ് ആയത് കൊണ്ട് കിട്ടിയ രണ്ടു ലക്ഷം രൂപ കൊണ്ട് അന്ന് കൊച്ചിയിൽ ഏഴ് സെന്റ് സ്ഥലം താൻ വാങ്ങിയതായും ബാബു ഷാഹിർ പറഞ്ഞു.
ഗോഡ്ഫാദർ എഡിറ്റിംഗും ഡബ്ബിങ്ങും സെൻസറിങ്ങുമെല്ലാം കഴിഞ്ഞ ഉടനെ ഫാസിൽ സാറിന്റെ സിനിമയിൽ ആയിരുന്നു ജോയിൻ ചെയ്യേണ്ടിയിരുന്നത്. നാട്ടിൽ എത്തിയ ഉടനെ തന്നെ ഫാസിൽ സാറിനെ വിളിച്ചു. സാർ പടത്തിന്റെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. പടം കണ്ടിട്ട് വിളിക്കാമെന്ന് പറഞ്ഞു. എറണാകുളം സരിതയിൽ പോയി ഫാസിൽ സാർ സിനിമ കണ്ടു. ഭയങ്കര കയ്യടിയാണെന്നും സിനിമ സൂപ്പർ ഹിറ്റ് ആകുമെന്നും സാർ പറഞ്ഞു. ഏതായാലും ഫാസിൽ പറഞ്ഞതു പോലെ സിനിമ വമ്പൻ ഹിറ്റ് ആയി.