വമ്പൻ വരവേൽപ്പാണ് മമ്മൂട്ടി – അമൽ നീരദ് ചിത്രം ‘ഭീഷ്മ പർവ’ത്തിന് തിയറ്ററുകളിൽ ലഭിച്ചത്. ചിത്രം കണ്ടവർ സോഷ്യൽമീഡിയയിൽ മികച്ച അഭിപ്രായങ്ങൾ പങ്കുവെയ്ക്കു കൂടി ചെയ്തതോടെ അണിയറപ്രവർത്തകരും താരങ്ങളും ആഹ്ലാദത്തിലാണ്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സൗബിൻ ഉൾപ്പെടെയുള്ള ചിത്രത്തിലെ താരങ്ങൾ. ഭീഷ്മയുടെ ആദ്യഷോ കഴിഞ്ഞപ്പോൾ തന്നെ മമ്മൂട്ടി തന്റെ സന്തോഷം പങ്കുവെച്ചത് സൗബിൻ ഷാഹിറിനെ വിളിച്ചാണ്.
തിയറ്ററിൽ മുന്നിൽ ആരാധകർക്ക് നടുവിൽ ആയിരുന്ന സൗബിൻ മമ്മൂട്ടി വിളിച്ച സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു. മമ്മൂക്കാ അടിപൊളിയെന്ന് ഫോണിൽ പറഞ്ഞു കൊണ്ടായിരുന്നു സൗബിൻ മമ്മൂട്ടിയുടെ കോൾ ആരാധകരെ കാണിച്ചത്. ഇതോടെ, മമ്മൂക്കാ അടിപൊളിയെന്ന് ആരാധകരും വിളിച്ചു പറഞ്ഞു. ചിത്രത്തിൽ എല്ലാവരും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നുവെന്നും ഇപ്പോഴും ആ തരിപ്പ് മാറിയിട്ടില്ലെന്നും ആയിരുന്നു സൗബിന്റെ ആദ്യപ്രതികരണം.
പഴയ ആ ഓളം തിയറ്ററിൽ എല്ലാവർക്കും ഒപ്പമിരുന്ന കണ്ടപ്പോൾ തിരിച്ചു വന്നുവെന്നും മമ്മൂക്ക കലക്കിയെന്നും സൗബിൻ പറഞ്ഞു. സിനിമ തിയറ്ററിൽ കണ്ടപ്പോൾ ഉണ്ടായ അനുഭവം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലായിരുന്നു. അതേസമയം, ആദ്യമായാണ് താൻ മമ്മൂക്ക ഫാൻസിന്റെ കൂടെ സിനിമ കാണുന്നത് എന്നായിരുന്നു നടൻ സുദേവ് പ്രതികരിച്ചത്. മമ്മൂക്കയുടെ എൻട്രിയും സ്റ്റൈലും എല്ലാം സൂപ്പർ ആയിരുന്നെന്നും പടം അടിപൊളിയാണെന്നും എല്ലാവർക്കും അത് തന്നെ തോന്നട്ടേയെന്നും സുദേവ് പറഞ്ഞു. തിയറ്ററിൽ സിനിമ കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും സുദേവ് പങ്കുവെച്ചു. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ ഭീഷ്മ പർവ്വം മാർച്ച് മൂന്നിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്.