കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തെ ചേർത്തു പിടിക്കുമെന്ന് ശ്രീകണ്ഠൻ നായർ. സുധിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. ഫ്ലവേഴ്സും ട്വന്റിഫോറും ചേര്‍ന്ന് സംഘടിപ്പിച്ച സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുധി സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതും സുധി മരണപ്പെട്ടതും.
പല പ്രേക്ഷകരും അദ്ദേഹത്തിന്റെ അവശേഷിച്ച സ്വപ്നമായ വീട് വച്ചു നല്‍കണമെന്ന് പറയുന്നു. അതു മാത്രമല്ല ഒരുപാട് കടക്കെണികള്‍ക്ക് നടുവിലായിരുന്നു സുധി, സ്റ്റാര്‍ മാജിക്ക് അവതരണത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനവും സ്റ്റേജ് പ്രോഗ്രാമുകളും കൊണ്ട് ജീവിതം തള്ളി നീക്കി പോകുന്ന അവസ്ഥയായിരുന്നു. നമ്മുടെ കുടുംബത്തിലെ അംഗമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ കൊല്ലം സുധി മാത്രമെ പോയിട്ടുള്ളൂ, അദ്ദേഹം അവശേഷിപ്പിച്ച് പോയ നല്ല ഓര്‍മകളുണ്ട്. ഫ്ളവേഴ്സും ട്വന്റിഫോറും ചേര്‍ന്ന് സുധിക്ക് വീട് വച്ച് നല്‍കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസവും ഈ നെറ്റ്വര്ക്കായിരിക്കും മുന്നോട്ട് കൊണ്ടു പോകുകയെന്നും ശ്രീകണ്ഠന് നായര്‍ പറഞ്ഞു.
ഫ്ലവേഴ്സിലെ സ്റ്റാര്‍ മാജിക്ക് എന്ന ഷോയിലൂടെ ശ്രദ്ധ നേടിയ കൊല്ലം സുധി നിരവധി പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു. മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.