അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറിയെന്ന സംഭവത്തിൽ വിവാദത്തിലായിരിക്കുകയാണ് ശ്രീനാഥ് ഭാസി. അദ്ദേഹം നായകനായി എത്തിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷന്റെ ഭാഗമായിട്ട് ആയിരുന്നു അഭിമുഖം. എന്നാൽ, അഭിമുഖത്തിനിടെ ക്യാമറ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതിനു ശേഷം ശ്രീനാഥ് ഭാസി മോശമായി സംസാരിച്ചെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക പരാതി നൽകിയത്. സംഭവത്തിൽ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതിനിടെ ചട്ടമ്പി സിനിമയുടെ പോസ്റ്ററിൽ നിന്ന് ശ്രീനാഥ് ഭാസിയെ ഒഴിവാക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
സെപ്തംബർ 23ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ നിന്നാണ് ശ്രീനാഥ് ഭാസിയുടെ തല വെട്ടി മാറ്റിയിരിക്കുന്നത്. സിനിമ റിലീസിന് മുമ്പോ ശേഷമോ നായകൻമാർ വിവാദത്തിൽ ഉൾപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, നായകന്റെ തല വെട്ടി മാറ്റി പോസ്റ്റർ ഇറക്കുന്നത് അപൂർവമാണ്. ചട്ടമ്പി സിനിമയുടെ റിലീസിനു മുമ്പേ തന്നെ ശ്രീനാഥ് ഭാസി വിവാദത്തിൽ ഉൾപ്പെട്ടിരുന്നു. ഇതിനിടെ അവതാരകയെ അപമാനിച്ച സംഭവത്തിൽ ശ്രീനാഥ് ഭാസിയെ സിനിമ മേഖലയിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനം ആയിരിക്കുകയാണ്.
ചൊവ്വാഴ്ച വിളിച്ചു ചേർത്ത പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ മീറ്റിങ്ങിലാണ് തീരുമാനം. തെറ്റുകളെല്ലാം ശ്രീനാഥ് ഭാസി സമ്മതിച്ചുവെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. പ്രത്യേക സാഹചര്യം മൂലവും ചില സ്വകാര്യപ്രശ്നങ്ങൾ മൂലവും അറിയാതെ സംഭവിച്ചതാണെന്നും ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ടെന്നും പരാതിക്കാരിയോട് അദ്ദേഹം ക്ഷമാപണം നടത്തിയതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. കുറച്ചു നാളത്തേക്ക് ശ്രീനാഥ് ഭാസി തങ്ങളുടെ സിനിമകൾ ചെയ്യേണ്ടെന്നാണ് തീരുമാനമെന്നും മാറി നിൽക്കേണ്ട സമയം തങ്ങൾ തീരുമാനിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അഭിലാഷ് എസ് കുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗിയാണ് ചിത്രം നിർമിക്കുന്നത്.