സംവിധായകൻ സുകുമാറുമായി വീണ്ടും ഒന്നിക്കുന്ന പുഷ്പ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അല്ലു അർജുൻ ഇപ്പോൾ. സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദുമായും അല്ലു അർജുൻ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് വേണ്ടിയാണ് ഈ മൂന്ന് പേരും ഇതിന് മുൻപ് ഒന്നിച്ചത്. ആര്യയാണ് അല്ലു അർജുന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. കേരളത്തിലും അല്ലു അർജുന് ഏറ്റവും കൂടുതൽ ആരാധകരെ നേടിക്കൊടുത്ത ചിത്രം കൂടിയാണ് ആര്യ.
രണ്ടു ഭാഗങ്ങളായാണ് പുഷ്പ പ്രേക്ഷകരിലേക്ക് എത്തുന്നത്. പുഷ്പ ദി റൈസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യഭാഗം ഡിസംബർ പതിനേഴിന് റിലീസ് ചെയ്യും. ഫഹദ് ഫാസിൽ ചിത്രത്തിൽ വില്ലനായി എത്തുന്നുവെന്നത് തന്നെ മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം പകരുന്ന ഒന്നാണ്. തെലുങ്കിലെ ഫഹദിന്റെ അരങ്ങേറ്റം കൂടിയാണിത്. രശ്മിക മന്ദന നായികയാകുന്ന ചിത്രത്തിൽ ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന് ക്രൂരനും അഴിമതിക്കാരനുമായ പൊലീസ് ഓഫീസറെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് സിനിമയില്‍ ഫഹദ് ഫാസില്‍ മുഴുനീള നെഗറ്റീവ് റോളിലെത്തുന്നുവെന്ന പ്രത്യേകതയും പുഷ്പയില്‍ ഉണ്ട്. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. തിന്മയുടെ പ്രതിരൂപമായ ഒരാള്‍ എന്നാണ് പുഷ്പ ടീം ഷെഖാവത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലു അര്ജുന് പുഷ്പരാജ് എന്ന ചന്ദനക്കള്ളക്കടത്തുകാരനെ അവതരിപ്പിക്കുന്ന സിനിമ രണ്ട് ഭാഗങ്ങളിലായാണ് പ്രേക്ഷകരിലെത്തുക. തല മൊത്തം മൊട്ടയടിച്ച് കട്ടി മീശയില്‍ രൗദ്രഭാവത്തിലാണ് ഫഹദ് ഫാസിലിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയത്. കള്ളക്കടത്തുകാരന് പുഷ്പരാജായി മാസ് എന്‍ട്രി നടത്തുന്ന അല്ലു അര്‍ജ്ജുന്റെ ഇന്‍ട്രോ വീഡിയോയ്ക്ക് വന്‍ സ്വീകാര്യത ആയിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
അല്ലു അർജുനും രാശ്മിക മന്ദനയും ഒന്നിക്കുന്ന ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ദേവി ശ്രീ പ്രസാദ് ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികൾ തയ്യാറാക്കിയിരിക്കുന്നത് സിജു തുറവൂരാണ്. സിദ് ശ്രീരാമാണ് ആലാപനം. നവീൻ യെർനേനി, വൈ രവി ശങ്കർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മിറോസ്ലാവ് കുബാ ബ്രോസെക്കാണ്. കാർത്തിക ശ്രീനിവാസാണ് എഡിറ്റിംഗ്.