വിവാഹ ശേഷം കൊച്ചിയിലെത്തിയ താരദമ്പതികള്‍ നയന്‍താരയും വിഘ്നേഷ് ശിവനും രുചിക്കൂട്ട് തേടി പനമ്പള്ളി നഗറില്‍. ഇവിടുത്തെ മന്ന റസ്റ്റോറന്റിലാണ് ഇരുവരും നയന്‍താരയുടെ അമ്മക്കൊപ്പം എത്തിയത്. എന്തൊക്കെ വിഭവങ്ങളുണ്ടെന്ന് ഫോണില്‍ വിളിച്ച് ചോദിച്ച ശേഷമാണ് ഇരുവരും സര്‍പ്രൈസായി ഇവിടെ എത്തിയത്.
രാത്രി പതിനൊന്ന് മണിയോടെയാണ് നയന്‍താരയും വിഘ്നേഷും എത്തിയതെന്ന് റസ്റ്റോറന്റ് ഉടമ മുഹമ്മദ് ഹിജാസ് പറഞ്ഞു. സ്പെഷ്യല്‍ വിഭങ്ങളൊക്കെ ഇരുവരും ടേസ്റ്റ് ചെയ്തെന്നും നയന്‍താരക്ക് ഏറെ ഇഷ്ടപ്പെട്ടത് ഗീറൈസും ചിക്കന്‍ കറിയുമായിരുന്നു. ഇരുവരും ഏറെ ആസ്വദിച്ചത് മൊഹബത്ത് ചായയായിരുന്നുവെന്നും മുഹമ്മദ് ഹിജാസ് പറഞ്ഞു.
ഇന്നലെയാണ് വിഘ്നേഷ് ശിവനും നയന്‍താരയും കൊച്ചിയില്‍ എത്തിയത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത അമ്മയേയും മറ്റ് ബന്ധുക്കളേയും കാണാനാണ് ഇരുവരും എത്തിയത്. തുടര്‍ന്ന് ഇരുവരും തിരുവല്ലയിലേക്ക് പോയി. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന ഇരുവരുടേയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.