അനൂപ് മേനോന്റെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയുമായി എത്തിയ ചിത്രമാണ് കിംഗ് ഫിഷ്. അനൂപ് മേനോന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും. ടെക്സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദുര്‍ഗാ കൃഷ്ണ, നിരഞ്ജന അനൂപ്, നിസ എന്നിവരാണ് നായികമാര്‍. ദിവ്യ പിള്ളയും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ഫീല്‍ ഗുഡ് മൂവി എന്ന നിലയില്‍ കിംഗ് ഫിഷ് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.
കിംഗ് ഫിഷ് എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനെ അന്വേഷിച്ച് ഗോസിപ്പ് വാര്‍ത്തകള്‍ എഴുതുന്ന ഒരു പത്രപ്രവര്ത്തകന് നിയോഗിക്കപ്പെടുകയും ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. അനൂപ് മേനോന് അവതരിപ്പിക്കുന്ന ഭാസ്കര വര്‍മയും രഞ്ജിത്ത് അവതരിപ്പിക്കുന്ന ദശരഥ വര്‍മയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഭാസ്കര വര്‍മയുടെ അമ്മാവനാണ് ദശരഥ വര്‍മ. മരുമകന് വേണ്ടി അമ്മാവന് നീക്കിവച്ച കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ക്കായി ഭാസ്കര വര്‍മ എത്തുന്നതോടെ സിനിമയുടെ ഗതി മാറുകയാണ്. തന്നെപ്പോലെ ഒറ്റത്തടിയായി നിന്നുപോകുമെന്ന് ശപിച്ച അമ്മാവനെ ബോധിപ്പിക്കാന്‍ വാടകയ്ക്കെടുന്ന ഭാര്യയുമായാണ് മരുമകന്റെ വരവ്. അതിനു ശേഷം അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ഭാസ്കര വര്‍മയുടെ ജീവിതത്തിലേക്ക് പല രീതിയില്‍ കടന്നു വരുന്ന നാല് സ്ത്രീ കഥാപാത്രങ്ങളെ ആണ് ദുര്‍ഗയും നിരഞ്ജനയും നിസയും ദിവ്യയും അവതരിപ്പിക്കുന്നത്.
അനൂപ് മേനോന്റെ തിരക്കഥയാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. തിരക്കഥയെ അത്രതന്നെ മനോഹരമാക്കിയാണ് അനൂപ് മേനോന് ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. സംവിധായകനെന്ന നിലയിലുള്ള ആദ്യ ചിത്രമായിരുന്നിട്ടും അനൂപ് മേനോന് പുലര്‍ത്തിയ കയ്യടക്കമാണ് ചിത്രത്തെ മികച്ച രീതിയില്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചത്. മനസിനെ സ്പര്‍ശിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. സംഗീതത്തിനും അത്രതന്നെ പ്രാധാന്യമാണ് ചിത്രത്തിനുള്ളത്. ആദ്യാവസാനം വരെ ആകാംഷയുളവാക്കുന്ന കഥാ സന്ദര്‍ഭങ്ങളും മികച്ച സംഭാഷണങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടി എന്നു വേണം പറയാന്‍. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കും അത്രതന്നെ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
ഭാസ്കര വര്‍മയായി അനൂപ് മേനോനും ദശരഥ വര്‍മയായി രഞ്ജിത്തും മികച്ച പ്രകടനം കാഴ്ചവച്ചു. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതാണ്. നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും മികവ് പുലര്‍ത്തി. ഇര്‍ഷാദ് അവതരിപ്പിച്ച നവാസ് അലി എന്ന കഥാപാത്രവും കൈയടി നേടുന്നുണ്ട്. ചിത്രത്തിലെ ഓരോ ദൃശ്യങ്ങളും കൈയടക്കത്തോടെയാണ് ഛായാഗ്രാഹകന്‍ മഹാദേവന് തമ്പി പകര്‍ത്തിയത്. ചിത്രത്തിന്റെ മുഴുവന്‍ ഫീലും പ്രേക്ഷകന്റെ മനസിലേക്ക് പകര്‍ന്നു നല്കുന്ന ദൃശ്യങ്ങളാണ് ഛായാഗ്രാഹകന്‍ ഒരുക്കിയത്. രതീഷ് വേഗയുടെ സംഗീതവും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല എന്നത് സംവിധായകന്റെ മികവായി വേണം എടുത്തു പറയാന്‍. പുതുമയും വ്യത്യസ്തതയും പകര്‍ന്നു നല്കുന്ന ഒരു കംപ്ലീറ്റ് എന്‍ര്‍ടെയ്നറാണ് കിംഗ് ഫിഷ്. ഒരേ സമയം യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ചിത്രം ആകര്‍ഷിക്കുന്നുണ്ട്.