പൃഥ്വിരാജ് നായകനായ കടുവ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്. ബോളിവുഡ് താരം വിവേക് ഒബ്റോയിയും ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാക്കള്‍ക്കും നോട്ടിസ് അയച്ചിരിക്കുകയാണ് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമര്‍ശത്തില്‍ ചിത്രത്തിന്റെ സംവിധായകന് ഷാജി കൈലാസിനും നിര്‍മാതാക്കളാ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റിഫനുമാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
മാതാപിതാക്കള്‍ ചെയ്യുന്ന പാപങ്ങളുടെ ഫലമാണ് കുട്ടികളുടെ വൈകല്യം എന്ന ചിത്രത്തിലെ ഡയലോഗാണ് വിവാദമായിരിക്കുന്നത്. വില്ലന്‍ കഥാപാത്രമായ വിവേക് ഒബ്റോയിയുടെ ജോസഫ് ചാണ്ടിയോട് നായകന് കുര്യാച്ചന് പറയുന്ന ഡയലോഗാണിത്. വില്ലന്റെ ഭാര്യയും മകളും ഭിന്നശേഷിക്കാരനായ മകനും കാറില്‍ ഇരിക്കുന്ന രംഗമാണ്. കുട്ടികളോട് കുശലാന്വേഷണം നടത്തിയ ശേഷം നായകനും വില്ലനും തമ്മിലെ സംഭാഷണമായാണ് സിനിമയിലെ അവതരണം. ഇത് ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കമ്മീഷന് ഇടപെടല്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഈ ഡയലോഗ് വിവാദമായിരുന്നു.
സിനിമയ്ക്കെതിരെ നേരത്തെ കുറുവച്ചന്റെ ചെറുമകന്, ജോസ് നെല്ലുവേലില്‍ രംഗത്തെത്തിയിരുന്നു. ഈ സിനിമ തന്റെ ജീവിതത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെട്ടതാണെന്ന ഒരു വാക്ക് മാത്രമായിരുന്നു തന്റെ മുത്തച്ഛന് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ചിത്രത്തിലെ നായക കഥാപാത്രം പൂര്‍ണമായും സാങ്കല്‍പ്പിക സൃഷ്ടിയാണെന്നായിരുന്നു അവരുടെ അവകാശവാദമെന്നും ജോസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജോസ് നെല്ലുവേലില്‍ വിമര്‍ശനം ഉന്നയിച്ചത്. ഇതും ചര്‍ച്ചയായി.