ലോകകപ്പില്‍ ആദ്യ പോരാട്ടത്തില്‍ മികച്ച വിജയമാണ് ബ്രസീല്‍ സ്വന്തമാക്കിയത്. മുന്നേറ്റ നിര താരം റിച്ചാര്‍ലിസണിന്റെ ഇരട്ട ഗോളുകളാണ് ടീമിന് മിന്നുന്ന വിജയം സമ്മാനിച്ചത്. ഇതില്‍ റിച്ചാര്ലിസണ് അടിച്ച രണ്ടാമത്തെ ഗോള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി. വിനീഷ്യസ് ജൂനിയറിന്റെ ഇടത് വശത്ത് നിന്നുള്ള ക്രോസില്‍ ഫസ്റ്റ് ടച്ച് എടുത്ത് അക്രോബാറ്റിക് ഷോട്ടിലൂടെ റിച്ചാര്ലിസണ് വല കുലുക്കുകയായിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രം മഹാസമുദ്രത്തിലെ ഒരു സ്റ്റില്ലും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നുണ്ട്.
സിനിമയുടെ ക്ലൈമാക്സില്‍ റിച്ചാര്‍ലിസണിന്റെ ഗോളിന് സമാനമായി മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം വല കുലുക്കുന്നതിന്റെ ചിത്രമാണ് വൈറലായത്. ആരാധകര്‍ വളരെ രസകരമായാണ് രണ്ട് ചിത്രങ്ങളും ചേര്‍ത്ത് വച്ചുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുള്ളത്. റിച്ചാര്ലിസണ് ലാലേട്ടന്റെ സിനിമ കണ്ടിട്ടുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയ ആയിരുന്നു ബ്രസീന്റെ എതിരാളി. ബ്രസീലിന്റെ നിരന്തര ശ്രമങ്ങള്‍ക്ക് 62-ാം മിനിറ്റിലാണ് ആദ്യ ഫലമുണ്ടായത്. നെയ്മര്‍ തുടങ്ങിവച്ച നീക്കമാണ് ഗോളില്‍ അവസാനിച്ചത്. താരം പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി ബോക്സിലേക്ക് കുതിച്ചു. ബോക്സില്‍ നിന്ന് വിനീഷ്യസിന്റെ നിലംപറ്റെയുള്ള ഷോട്ട് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. എന്നാല്‍ തക്കംപാത്തിരുന്ന റിച്ചാര്ലിസണ് റീബൗണ്ടില്‍ അവസരം മുതലാക്കി. പത്ത് മിനിട്ടിന് ശേഷമായിരുന്നു റിച്ചാര്‍ലിസണിന്റെ രണ്ടാമത്തെ ഗോള്‍.