കഴിഞ്ഞദിവസം ആയിരുന്നു സോഷ്യൽ മീഡിയയിൽ നടിയും അവതാരകയുമായ സുബി സുരേഷ് തന്റെ ഒരു ചിത്രം പങ്കുവെച്ചത്. യു എസ് എയിലെ ഗ്രാന്റ് കനിയനിൽ നിന്നുള്ള ചിത്രമായിരുന്നു സുബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഈ സ്ഥലം ഏതെന്ന് പറയാമോ’ എന്ന കമന്റോടു കൂടിയായിരുന്നു സുബി ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ, പോസ്റ്റ് കണ്ട ഒരാൾ വളരെ അശ്ലീലമായ ഒരു കമന്റാണ് നൽകിയത്. ഇതിന് മറുപടി നൽകാൻ സുബിക്ക് അധികം സമയം വേണ്ടി വന്നില്ല. ‘ഉമ്മയ്ക്ക് സുഖമല്ലേ’ എന്നായിരുന്നു സുബിയുടെ മറുപടി. ഏതായാലും അശ്ലീല കമന്റിന് സുബി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി. ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങിയതോടെ കമന്റിട്ടയാൾ കമന്റും ഡിലീറ്റ് ചെയ്ത് മുങ്ങി.
കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങിയെങ്കിലും കമന്റും കമന്റിന് സുബി നൽകിയ മറുപടിയുടെയും സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇത്തരത്തിൽ അശ്ലീല കമന്റുമായി എത്തുന്നവർക്ക് ഈ തരത്തിലുള്ള മറുപടി നൽകണമെന്നാണ് സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം ആളുകളും പറയുന്നത്. സുബിയുടെ മറുപടി ഏറ്റെടുത്ത ആരാധകർ കമന്റിട്ടവൻ ഇരന്നു വാങ്ങിയ മറുപടിയാണ് അതെന്നായിരുന്നു അഭിപ്രായപ്പെട്ടത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് സുബി സുരേഷ്. തന്റെ വ്യക്തിപരമായ വിശേഷങ്ങളും പ്രൊഫഷണൽ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും എല്ലാം സുബി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി ഉള്ള യുട്യൂബ് ചാനലിലും സജീവമാണ് താരം.