കാൽപന്തുകളിയുടെ ആവേശം സിരകളിലും പാദങ്ങളിലും നിറച്ച് മൈതാനത്തിൽ നിറഞ്ഞു നിൽക്കുമ്പോഴും ഓരോ മലപ്പുറത്തുക്കാരന്റെയും ഉള്ളിൽ കെടാതെ നിൽക്കുന്ന ജീവിതത്തിന്റെ പല മുഖങ്ങളുണ്ട്. അതേ വികാരം തന്നെയാണ് സെവൻസ് ഫുട്ബോൾ എന്ന അവരുടെ ആഘോഷങ്ങളുടെ പൂർണതക്കും. അവിടെയാണ് സുഡാനി എന്ന പേരിനും ഒരു ആമുഖം, മലപ്പുറത്തുക്കാരന് അങ്ങനെയൊന്ന് വേണ്ടായെന്നാകിലും, ആവശ്യമായി വരുന്നത്. സുഡാനി എന്ന പേര് നമ്മുടെ നാട്ടിൽ ഏറെ സുപരിചിതമായ ഒന്നല്ലെങ്കിലും മലബാർ പ്രദേശങ്ങളിൽ ഏറെ ആളുകൾ നെഞ്ചിലേറ്റിയ ഒന്നാണ് ഫുട്ബോൾ ഒരു മത്സരത്തിനുമപ്പുറം ഒരുപാട് ആളുകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ചേർന്ന ഒന്നാണെന്നും അവിടെ മാനസികമായ അടുപ്പത്തിനും ദേശീയതക്കും അപ്പുറം വലിയ ഒരു ലോകമുണ്ടെന്ന് ദൃശ്യവത്കരിക്കുന്ന മനോഹരമായൊരു ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലബാറിലെ ഫുട്ബോൾ പ്രമേയമാക്കി നവാഗതനായ സക്കറിയ സൗബിൻ ഷഹീറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രെം നൈജീരിയ. മലപ്പുറത്തിന്റെ ജീവനായ കാൽപ്പന്തുകളിയുടെ ദൃശ്യവിസ്മയം ചാർത്തിയാണ് കഥയുടെ ആരംഭം. ചരിത്രത്തിൽ തന്നെ മലപ്പുറത്തിന് ഫുട്ബോളിനോടുള്ള അഭിരുചിയും ആരാധനയും സ്നേഹവും എല്ലാം എല്ലാവർക്കും അറിവുള്ളതാണ്. ആരാധകരുടെ പ്രതീക്ഷകൾക്ക് തീർത്തും മങ്ങലേല്പിക്കാതെ ഹരിതഭംഗിയാൽ ഇടതൂർന്ന് നിൽക്കുന്ന മലപ്പുറത്തിന്റെ ദൃശ്യചാരുത മനോഹരമായി പകർന്നുകൊണ്ട് ഒരുക്കിയിരിക്കുന്ന സുഡാനി ഫ്രം നൈജീരിയ ആരുടേയും ആത്മാവിനെ തൊട്ടുണർത്തുന്നതാണ്. മനോഹരമായ ഫ്രെയിമിൽ ഓരോരുത്തരും ജീവിക്കുക ആയിരുന്നു എന്ന് ആസ്വാദകർക്ക് തോന്നിപോകും. മലപ്പുറം ഭാഷയും അതിൽ സ്നേഹത്തിന്റെ അളവുറ്റ സൗഹൃദങ്ങളും ഇതിൽ ഏറെ ആകർഷിക്കുന്നവയാണ്.
തന്റെ പ്രാരാബ്ധങ്ങൾക്കിടയിലും കരൾ നിറഞ്ഞ കളിക്കമ്പവും മനസുനിറയെ സ്നേഹവുമുള്ള ഒരു അസ്സൽ മലപ്പുറംകാരനായ മജീദായി സൗബിൻ സിനിമയിലെത്തുന്നു. മലപ്പുറത്തെ സെവൻസ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ നൈജീരിയയിൽ നിന്നെത്തിയ സാമുവേൽ എന്ന സുഡാനി മൂലം മജീദിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിലുടനീളം. തന്റെ സ്വപ്നങ്ങളിൽ എന്നും ഫുട്ബോളും അതിലൂടെ ജീവിതത്തിൽ രക്ഷപെടാനും ആഗ്രഹിക്കുന്ന ഒരു സാധാരണ മലപ്പുറംകാരനായി സൗബിൻ തകർത്തഭിനയിച്ചു. അതുപോലെതന്നെ ജീവിതത്തിന്റെ ഓരോ വൈകാരിക നിമിഷങ്ങളും കോർത്തെടുക്കാനും ഒപ്പിയെടുക്കാനും സിനിമയിലൂടെ സംവിധായകന് കഴിഞ്ഞു എന്ന് തന്നെ പറയാം. എല്ലാവരും ജീവിതത്തിന്റെ ഉന്നമനത്തിനാണ് ജീവിക്കുന്നതെന്നും ഓരോരോ സ്വപ്നങ്ങൾക്കും ഉപരി ജീവിത ലക്ഷ്യങ്ങൾക്കും കുടുംബത്തിനുമാണ് പ്രാധാന്യം എന്ന് നൈജീരിയയിൽ അഭിമുഖികരിക്കുന്ന അഭയാർത്ഥി പ്രശ്നത്തിലൂടെ പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുവാൻ സിനിമക്ക് കഴിയുന്നുണ്ട് . ആസ്വാദകരെ ഏറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമയുടെ ആഴങ്ങൾ എന്നതിനുപരി ജീവിതം എന്ന വീക്ഷണത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകരെ തികച്ചും ആസ്വാദനത്തിന്റെ മറ്റൊരു തലത്തിൽ കൊണ്ടെത്തിക്കും. ചിത്രത്തിലുടനീളമുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങളും മറുപടിയും ഏറെ രസകരമായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട് ഇതിനിടയിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളും മുഹൂർത്തങ്ങളും മലപ്പുറം ജില്ലയോടും അവിടുത്തെ രീതികളോടും ആസ്വാദകരെ മാനസികമായി അടുപ്പിക്കാൻ പോന്നവയാണ്.
പ്രശസ്ത നൈജീരിയ താരമായ സാമുവേൽ റോബിൻസൺ നൈജീരിയയിൽ നിന്നുവന്ന സുഡാനിയായ സാമുവേൽ ആയി തന്മയത്വത്തോടെയും അഭിനയത്തിലൂടെയും സംസാരത്തിലൂടെയും ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നുണ്ട്. അതുപോലെതന്നെ പ്രശസ്ത നാടക അഭിനേതാക്കളായ കെ റ്റീ സി അബ്ദുല്ല, സാവിത്രി സരസ ബാലുശ്ശേരി എന്നിവരെപോലെയുള്ളവർ കൂടിച്ചേർന്നപ്പോൾ സിനിമക്ക് ദൃശ്യചാരുതയേകി. മലപ്പുറത്തെ ഫുട്ബോൾ കളികളുടെയും കളികാരുടെ ജീവിതത്തെയും ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനയി ക്കുന്നു. ഏറെ പുതുമുഖങ്ങളുണ്ടായിട്ടും അതിന്റെ ഒരു ഏറ്റക്കുറച്ചിൽ ഒരിക്കലും സിനിമയിൽ ഉണ്ടാക്കാതെ മനോഹരമായ അഭിനയത്തിലൂടെ ആരാധകരെ അഭിനേതാക്കൾക്ക് പിടിച്ചിരുത്താൻ പറ്റി എന്നത് തീർത്തും പ്രശംസാവഹം തന്നെയാണ്.
റെക്സ് വിജയൻ, ഷഹബാസ് അമൻ എ ന്നിവരാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ഹാപിഅവേഴ്സ് എന്റർ ടെയ്ൻമെന്റ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് ചിത്രം നിർ മിക്കുന്നത്. തന്റെ ക്യാമറ കണ്ണിലൂടെ മലപ്പുറത്തിന്റെ ഓരോ ദൃശ്യഭംഗിയും ഒപ്പിയെടുക്കാൻ കഴിഞിട്ടുള്ളതാണ് ഷൈജു ഖാലിദ് എന്ന കാമറാമാന്റെ വിജയം. വ്യത്യസ്തമായ ഭാഷ തീർത്തും മുറിഞ്ഞുപോകാതെ പ്രേക്ഷകനും ചിത്രത്തോടു കൂടുതൽ ഉൾകൊണ്ട് ആസ്വദിക്കുവാൻ ഏറെ സഹായകരമായ നൗഫൽ അബ്ദുള്ളയുടെ എഡിറ്റിംഗും മികവുറ്റതാണ്. ഏതൊരു മലപ്പുറംകാരനും ഫുട്ബോൾ നെഞ്ചിലേറ്റി നടക്കുന്നവനാണെന്നും ഉള്ളിൽ കുറെ വിഷമങ്ങളുണ്ടെങ്കിലും അത് നമ്മെക്കൊണ്ട് തന്നെ മാത്രമേ മാറ്റാൻ സാധിക്കൂ എന്നുള്ള മനോഹരമായ സന്ദേശത്തോടെ അവസാനിക്കുന്ന സിനിമ സിനിമ ആരാധകർക്ക് ഒരു ദൃശ്യ വിരുന്നുതന്നെയാണ്.