ആരാധകർ പ്രതീക്ഷയോടെയും അതിലേറെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം കെ ജി എഫ് ചാപ്റ്റർ ടു എത്താൻ ഇനി ഒരുദിവസം മാത്രം. ഏപ്രിൽ പതിനാലിന് ചിത്രം റിലീസ് ചെയ്യും. റോക്കി ഭായിയുടെ മുന്നോട്ടുള്ള കഥ കാണാനും കേൾക്കാനും കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് ‘സുൽത്താന’ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ എത്തിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. വിവിധ ഭാഷകളിലുള്ള ഗാനത്തിന്റെ ലിറിക്കൽ ലീഡിയോ ആണ് എത്തിയിരിക്കുന്നത്. കെ ജി എഫ് ഒന്നാം ഭാഗത്തിന്റെ തൊട്ട് തുടർച്ചയെന്ന് തോന്നുന്ന ചില ഭാഗങ്ങളും ലിറിക്കൽ വീഡിയോയിൽ കാണാവുന്നതാണ്.
ചിത്രം റിലീസ് ആകാൻ മണിക്കൂറുകൾ മാത്രമുള്ളപ്പേൾ എത്തിയിരിക്കുന്ന ഗാനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. രവി ബാസ്റുർ ആണ് സംഗീതസംവിധാനം. സുധാംസുവിന്റേതാണ് രചന. ലാഹരി മ്യൂസിക്ടി സീരീസ് യുട്യൂബ് ചാനലിലാണ് ഗാനങ്ങൾ റിലീസ് ചെയ്തത്. ഹൊംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാന്ധുർ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും പ്രശാന്ത് നീൽ ആണ്.
കെ ജി എഫ് ഒന്നാം ഭാഗത്തിലെ അമ്മയുടെ കഥാപാത്രവും പാട്ടുമൊക്കെ ഏറെ ജനപ്രീതി നേടിയിരുന്നു. ചിത്രത്തിന്റെ ഒന്നാംഭാഗം ഇറങ്ങിയതു മുതൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. രണ്ടാം ഭാഗത്തിൽ പ്രധാനമായും റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടലും രമിക സെന്നും ഇനായത്ത് ഖലീലും സൃഷ്ടിക്കുന്ന സംഭവവികാസങ്ങളും ആയിരിക്കും പ്രമേയമാകുക. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ കെ ജി എഫ് ചാപ്റ്റർ ടു വിതരണത്തിന് എത്തിക്കുന്നത്. പ്രിവ്യൂ കണ്ടതിനു ശേഷം സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് ആയിരുന്നു പൃഥ്വിരാജിന്റെ റിവ്യൂ. രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അധീര എന്ന വില്ലൻ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. രവീണ ടണ്ടെന്, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.