ഒരു കള്ളം മറയ്ക്കാന്‍ മറ്റൊരു കള്ളം പറഞ്ഞാല്‍ പിന്നെ കള്ളം കൊണ്ടൊരു കോട്ട തന്നെ കെട്ടേണ്ടി വരുമെന്ന് ജീവിതത്തിലും സിനിമയിലും കണ്ടിട്ടുള്ളവരാണ് നമ്മള്. സിദ്ധിഖ് ലാല്‍ , പ്രിയദര്ശന് ചിത്രങ്ങളിലെല്ലാം ആ കാഴ്ചകള്‍ കണ്ട് നമ്മള് കൈയ്യടിച്ചിട്ടുമുണ്ട്. അത്തരത്തില്‍ ഉള്ളൊരു കാഴ്ച്ച തന്നെയാണ് സുനാമി എന്ന കൊച്ചുചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോകസിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഒരു അപ്പനും മകനും ചേര്‍ന്ന് സിനിമ സംവിധാനം ചെയ്യുന്നത്. ആ ലാല്‍ – ലാല്‍ ജൂനിയര്‍ കോംബോ തന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകനെ അടുപ്പിച്ച ഒരു പ്രധാന ഘടകവും. പ്രേക്ഷകനെ ചിരിപ്പിക്കുകയും അതോടൊപ്പം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുവാനുള്ള ഇരുവരുടെയും കഴിവ് ഇതിനകം മലയാളി അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ആ പതിവ് ഇരുവരും തെറ്റിച്ചിട്ടുമില്ല.
ബോബി എന്ന യുവാവിന് ഗോവയിലേക്കുള്ള ഒരു യാത്രയില്‍ സംഭവിക്കുന്ന ഒരു അമളിയില്‍ നിന്നുമാണ് എല്ലാ ‘ഗുരുതര’ പ്രശ്നങ്ങള്‍ക്കും തുടക്കം കുറിക്കുന്നത്. പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ പോലും പറയാന്‍ പോയാല്‍ അടിയിലെ തീര്‍ക്കാന്‍ പറ്റൂവെന്ന ഒരു അവസ്ഥയില്‍ കൊണ്ട് ചെന്നെത്തിക്കുവാന്‍ ഒരു പ്രത്യേക കഴിവുള്ള നിരവധി പേരുണ്ട്. അവര്‍ തന്നെയാണ് ഇവിടെയും പ്രശ്നക്കാര്‍. നായികയുടെ അമ്മ ജസീന്ത, ബോബിയുടെ അച്ചന് കൊച്ചപ്പന്, ബോബിയുടെ ചേട്ടായി ആന്റപ്പന് ഇവരൊക്കെയാണ് ആ മിടുക്കരായ വ്യക്തിത്വങ്ങള്‍. ഇവര്‍ തന്നെയാണ് ചിരിയുടെ അമിട്ടുകള്‍ ഓരോന്നായി പൊട്ടിക്കുന്നതും. ഒരു ചെറിയ കളത്തില്‍ നിന്നും പ്രശ്നങ്ങള്‍ സങ്കീര്‍ണമാകുകയും പിന്നീട് ലളിതമായി തന്നെ അത് പരിഹരിക്കുകയും ചെയ്ത് പ്രേക്ഷകനെ ചിരിപ്പിക്കുന്നതില്‍ ചിത്രം വിജയിച്ചിട്ടുണ്ട്.
എല്ലാ പ്രശ്നങ്ങളിലൂടെയും കടന്നുപോവുകയും നിസ്സഹായനായി നില്‍ക്കേണ്ടിയും വരുന്ന നായകനായി ബാലു വര്‍ഗീസ് മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചത് അച്ചന് കൊച്ചപ്പനായി വന്ന മുകേഷും ആന്റപ്പന്റെ വേഷം ചെയ്ത അജു വര്‍ഗീസും നായികയുടെ അപ്പനായി എത്തിയ ഇന്നസെന്റും അമ്മയായി എത്തിയ താരവുമാണ്. ആന്റപ്പന്റെ ഭാര്യയുടെ കഥാപാത്രം ആദ്യം കത്തിക്കയറിയെങ്കിലും പിന്നീട് ചിത്രത്തിലേ ഇല്ലാതായി പോയി. താരനിബിഢമായ കാസ്റ്റിംഗും വന്നവരും നിന്നവരും ചിരിപ്പിക്കുകയും ചെയ്തപ്പോള്‍ പ്രേക്ഷകന് മികച്ചൊരു വിരുന്ന് തന്നെയായി ചിത്രം.
ഇന്നസെന്റ് പറഞ്ഞ ഒരു ഇന്നസെന്റ് കഥയില്‍ നിന്നും രസകരമായ ഒരു സിനിമ ഉരുത്തിരിഞ്ഞെടുക്കുവാന് ലാലിലെ എഴുത്തുകാരന് സാധിച്ചപ്പോള്‍ കളര്‍ഫുള്‍ ഫ്രേയിമുകളുമായി ക്യാമറാമാന് അലക്സ് ജെ പുളിക്കലും കട്ടക്ക് കൂടെ നിന്നു. രതീഷ് രാജിന്റെ എഡിറ്റിംഗും യാക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവരുടെ സംഗീതവും മികച്ചു നിന്നു. അച്ചന് കൊച്ചാപ്പന്റെ ‘സുന’ പ്രയോഗത്തില്‍ ഒരു ആവര്‍ത്തന വിരസത അനുഭവപ്പെടുന്നതൊഴിച്ചാല് മനസ്സ് നിറഞ്ഞ് കണ്ടിറങ്ങാവുന്ന ഒരു ചിത്രം തന്നെയാണ് സുനാമി. മനസ്സ് തുറന്ന് പാടുകയും ചെയ്യാം… ‘സമാഗരിസ’..!